മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീടിരിക്കുന്ന ഭൂമിയില്‍ സര്‍വേ ആരംഭിച്ചു

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീടിരിക്കുന്ന ഭൂമിയില്‍ സര്‍വേ ആരംഭിച്ചു. കോതമംഗലം താലൂക്കിലെ റവന്യു സര്‍വേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കുഴല്‍നാടന്റെ കോതമംഗലത്തെ കുടുംബ വീട്ടിലേക്ക് മണ്ണിട്ട് നികത്തി നേരത്തെ റോഡ് നിര്‍മ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ഇന്ന് പരിശോധന നടത്തുന്നത്. സര്‍വേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന ആരോപണം പരിശോധിക്കാന്‍ വിജിലന്‍സ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന സര്‍വേയെ കുഴല്‍നാടന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ചിന്നക്കനാലിലെ റിസോര്‍ട്ട് വിവാദത്തില്‍ മൂവാറ്റുപുഴ എംഎല്‍എയ്‌ക്കെതിരെ ഒരു ഭാഗത്ത് സിപിഎം ആരോപണം ശക്തമാക്കുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ നടപടി മറുഭാഗത്ത് നടക്കുന്നത്.

അതേസമയം തനിക്കെതിരായി ഡിവൈഎഫ്‌ഐ നടത്തുന്ന ഏത് സമരത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് തനിക്ക് അറിയാമെന്നും റവന്യു വിഭാഗത്തിന്റെ സര്‍വ്വേ നടക്കട്ടെയെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. വീട്ടിലുള്ള അമ്മയെയും സഹോദരിയെയും ബുദ്ധിമുട്ടിക്കരുതെന്ന് റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിചേര്‍ത്തു.

Top