ലോക്‌സഭയില്‍ പ്രതിഷേധം; ഇതുവരെ 141 സസ്‌പെന്‍ഷന്‍,26 എംപിമാരെ കൂടി പുറത്താക്കാന്‍ നീക്കം

ഡല്‍ഹി: പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തില്‍ പാര്‍ലമെന്റില്‍ സസ്‌പെന്‍ഷന്‍ നടപടികള്‍ തുടരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 26 എം പിമാരെക്കൂടി സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്നാണ് വ്യക്തമാകുന്നത്. ഇതിനായി 26 പേരുടെ പട്ടിക തയ്യാറാക്കിയതായും വിവരമുണ്ട്. പാര്‍ലമെന്റില്‍ ഇന്ന് നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 49 എം പിമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പുറമെയാണ്, 26 പേരെക്കൂടി പുറത്താക്കാനുള്ള നീക്കം. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇതുവരെ 141 പ്രതിപക്ഷ എം പിമാര്‍ക്കാണ് ലോക് സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമായി സസ്‌പെന്‍ഷന്‍ ലഭിച്ചത്. 26 പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍ വന്നാല്‍ പട്ടിക പിന്നെയും നീളും.

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 49 എം പിമാരെയാണ് ഇന്ന് രാവിലെ പാര്‍ലമെന്റിലെ ഇരു സഭകളില്‍ നിന്നുമായി സസ്‌പെന്‍ഡ് ചെയ്തത്. ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എം പിമാരെയാണ് ഇന്ന് സസ്‌പെന്റ് ചെയ്തത്. ഇതോടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 141 ആകുകയായിരുന്നു. ഇത്രയും പേരെ ഒരു സമ്മേളന കാലത്ത് സസ്‌പെന്‍ഡ് ചെയ്തത് ചരിത്രത്തിലാധ്യമായാണ്.

Top