കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്ക് കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തി. സദ്ഗുണത്തിനും ഉപരോധത്തിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് അകിഫ് മുഹാജിറാണ് പുതിയ വിലക്കുകളെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
2021 ഓഗസ്റ്റില്‍ രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ തങ്ങള്‍ പഴയ താലിബാനല്ലെന്നും സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുമെന്നും താലിബാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് താലിബാന്റെ പുതിയ നിയമം.
അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസമുള്ള മിക്ക സ്ത്രീകള്‍ക്കും തങ്ങളുടെ ജോലി നഷ്ടമായി. ജോലിയില്‍ തുടരുന്നവരാകട്ടെ തുച്ഛമായ ശമ്പളത്തിലോ ശമ്പളമില്ലാതെയോ ആണ് ജോലി ചെയ്യുന്നത്. പുരുഷ ബന്ധുവില്ലാതെ സ്ത്രീകൾക്ക് യാത്ര ചെയ്യുന്നതിനും അഫ്ഗാനില്‍ വിലക്കുണ്ട്. അത് പോലെ തന്നെ സ്ത്രീകള്‍ പുറത്തിറങ്ങുകയാണെങ്കില്‍ ബുർഖയോ ഹിജാബിനോ ധരിക്കണമെന്നും താലിബാന്‍ നിയമം കൊണ്ടുവന്നു. ഇതിനെതിരെ സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ അടക്കം പ്രതിഷേധിക്കുമ്പോഴാണ് പുതിയ നിയമം കൊണ്ടുവന്നത്.
പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകാന്‍ പറ്റില്ല, ജിമ്മില്‍ പോകുന്നതിനും പൊതു കുളിസ്ഥലം ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സ്ത്രീകൾക്കായുള്ള ജിമ്മുകൾ അടച്ചിരിക്കുന്നു, കാരണം അവരുടെ പരിശീലകർ പുരുഷന്മാരായിരുന്നു, അവരിൽ ചിലർ ഉപയോഗിച്ചിരുന്നത് സംയുക്ത ജിമ്മുകളായിരുന്നു. അത് പോലെ തന്നെ കഴിഞ്ഞ 14-15 മാസങ്ങളായി സ്ത്രീകൾക്ക് പാർക്കുകളിൽ പോകാനുള്ള ശരീഅത്തും (ഇസ്‌ലാമിക നിയമം) നമ്മുടെ സംസ്‌കാരവും അനുസരിച്ചുള്ള അന്തരീക്ഷം ഒരുക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും എന്നാല്‍, പാർക്കുകളുടെ ഉടമകൾ ഞങ്ങളോട് സഹകരിച്ചില്ലെന്നും മുഹമ്മദ് അകിഫ് സാദെഖ് മൊഹാജിർ പറഞ്ഞു.
മാത്രമല്ല, സ്ത്രീകളോട് ഹിജാബ് ധരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് അതും ശരിയായി പാലിക്കപ്പെട്ടില്ല. അതിനാല്‍ ഞങ്ങള്‍ ജിമ്മുകളിലും പാര്‍ക്കുകളിലും സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സ്ത്രീകള്‍ മാത്രം പരിശീലകരായ സ്ത്രീകള്‍ക്ക് മാത്രമുള്ള ജിമ്മുകളും താലിബാന്‍ പൂട്ടിയെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആരോപിക്കുന്നു.