കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി താലിബാന്‍ സംഘം തിരച്ചില്‍ നടത്തുന്നു. ജര്‍മന്‍ ടെലിവിഷന്‍ സ്ഥാപനമായ ഡ്യൂഷേ വെല്ലെയുടെ(ഡി.ഡബ്ല്യു.) എഡിറ്ററിനെ തേടിയെത്തിയ താലിബാന്‍ ഭീകരര്‍ അദ്ദേഹത്തിന്റെ ബന്ധുവിനെ വെടിവെച്ചു കൊലപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായി ഭീകരര്‍ വീടുകള്‍ തോറും കയറി ഇറങ്ങി തിരച്ചില്‍ നടത്തിയെന്ന് ഡി.ഡബ്ല്യു. വ്യാഴാഴ്ച അറിയിച്ചു.
നേരത്തെ അഫ്ഗാനിസ്താനില്‍ ജോലി ചെയ്തിരുന്ന എഡിറ്റര്‍ ഇപ്പോള്‍ ജര്‍മനിയിലാണുള്ളതെന്ന് അവര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. സംഭവത്തെ ഡി.ഡബ്ല്യു. ഡയറക്ടര്‍ ജനറല്‍ പീറ്റര്‍ ലിംബോര്‍ഗ് അപലപിച്ചു. അഫ്ഗാനിസ്താനില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും അവരുടെ ബന്ധുക്കളും അപകടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ എഡിറ്റര്‍മാരിലൊരാളുടെ അടുത്ത ബന്ധുവിനെ താലിബാന്‍ കൊലപ്പെടുത്തിയത് ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത ദുരന്തമാണ്. അഫ്ഗാനിസ്താനില്‍ ജോലി ചെയ്യുന്ന ഞങ്ങളുടെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും വലിയ അപകടത്തിലാണെന്നതിന്റെ നേര്‍ സാക്ഷ്യമാണ് ഈ കൊലപാതകം’-ലിംബോര്‍ഗ് പറഞ്ഞു.