സാമുദായിക സൗഹാര്‍ദത്തിനുള്ള പുരസ്‌കാരം സുബൈറിന് നല്‍കി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന് പുരസ്‌കാരം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. സാമുദായിക സൗഹാര്‍ദത്തിനുള്ള ‘കോട്ടൈ അമീര്‍ കമ്മ്യൂണല്‍ ഹാര്‍മണി അവാര്‍ഡ് നല്‍കിയാണ് സുബൈറിനെ തമിഴ്നാട് സര്‍ക്കാര്‍ ആദരിച്ചത്. ഹിന്ദി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്ത് ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ പ്രചാരണത്തെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് പൊളിച്ചതിനാണ് പുരസ്‌കാരം.

പരിഭ്രാന്തരായ കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ തടിച്ചുകൂടി. പ്രചരിക്കുന്നത് കിംവദന്തികളാണെന്ന് ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഹിന്ദിയില്‍ കാമ്പയിന്‍ വരെ നടത്തി. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ഥത്തില്‍ തമിഴ്നാട്ടില്‍ നടന്നതല്ലെന്ന് ആള്‍ട്ട് ന്യൂസ് പ്രസിദ്ധീകരിച്ചു. ആള്‍ട്ട് ന്യൂസില്‍ സുബൈര്‍ ചെയ്ത ഫാക്ട് ചെക്ക് വാര്‍ത്ത തമിഴ്നാട്ടില്‍ അക്രമങ്ങള്‍ തടയാന്‍ കാരണമായെന്നും സര്‍ക്കാര്‍ വിലയിരുത്തി. തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സുബൈര്‍ പറഞ്ഞു. അതേസമയം, സുബൈറിന് അവാര്‍ഡ് നല്‍കിയതിനെതിരെ ബിജെപി രം?ഗത്തെത്തി.

മറീന ബീച്ചില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കോട്ടൈ അമീര്‍ കമ്മ്യൂണല്‍ ഹാര്‍മണി അവാര്‍ഡ് മെഡലും പ്രശസ്തിപത്രവും 25,000 രൂപയും സുബൈറിന് സമ്മാനിച്ചത്. ?ഗവര്‍ണര്‍ സിടി രവിയെ സാക്ഷിയാക്കിയായിരുന്നു പുരസ്‌കാര ദാനം. സാമുദായിക സൗഹാര്‍ദം നിലനിറുത്താന്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉത്തരേന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ പ്രചാരണം ഏറെ വിവാദമായിരുന്നു. വീഡിയോ സഹിതമായിരുന്നു സോഷ്യല്‍മീഡിയ വഴി വ്യാജ പ്രചാരണം.

Top