‘സിബിഐ 5’ തമിഴ് പതിപ്പ് ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു

മ്മൂട്ടിയുടെ സിബിഐ 5 ന്റെ തമിഴ് മൊഴിമാറ്റ പതിപ്പ് ടെലിവിഷന്‍ പ്രീമിയർ പ്രഖ്യാപിച്ചു. സീ തമിഴ് ചാനലിലൂടെ നവംബര്‍ 13 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ചിത്രം കാണാനാവുക. ഈ വര്‍ഷം മമ്മൂട്ടിയുടെ രണ്ടാമത്തെ തിയറ്റര്‍ റിലീസ് ആയി എത്തിയ ചിത്രമായിരുന്നു സിബിഐ 5. സിബിഐ ഫ്രാഞ്ചൈസിയുടെ അഞ്ചാം പതിപ്പ് എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പുമാണ് ചിത്രത്തിന് ലഭിച്ചത്. മെയ് 1 ന് ആയിരുന്നു റിലീസ്.

എന്നാല്‍ റിലീസിനു ശേഷം സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്നായിരുന്നു ഇതിനെക്കുറിച്ച് സംവിധായകന്‍ കെ മധുവിന്‍റെ പ്രതികരണം. ചിത്രം വിജയം നേടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ആദ്യ 9 ദിനങ്ങളില്‍ നിന്ന് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.

മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. വിക്രമായി ജ​ഗതി ശ്രീകുമാറിനെ സ്ക്രീനില്‍ വീണ്ടും അവതരിപ്പിച്ചത് തിയറ്ററുകളില്‍ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഒടിടി റിലീസില്‍ മികച്ച കാഴ്ചയും നേടിയിരുന്നു ചിത്രം. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം അവരുടെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരുന്നു.

Top