എസ്‌യുവികളുടെയും ആഢംബര കാറുകളുടെയും നികുതിഭാരം കുത്തനെ ഉയരും

ന്യൂഡല്‍ഹി: എസ്‌യുവികളുടെയും ആഢംബര കാറുകളുടെയും നികുതിഭാരം കുത്തനെ ഉയരാന്‍ പോകുന്നു.

ചരക്ക് സേവന നികുതി (ജിഎസ്ടി) വന്നപ്പോള്‍ ഇവയുടെ നികുതി 28% ജിഎസ്ടിയും, 15% സെസും ആയി നിര്‍ണയിച്ചത്, 28% ജിഎസ്ടിയും 25% സെസും ആയി ഉയര്‍ത്താന്‍ ജിഎസ്ടി ഉന്നതാധികാര സമിതി തീരുമാനിച്ചതിനെ തുടര്‍ന്നാണ് നികുതിഭാരത്തില്‍ വര്‍ധനവ് വരാന്‍ പോകുന്നത്.

സര്‍ക്കാര്‍ ഇതിനായി നിയമ ഭേദഗതി വരുത്തണമെന്ന് ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയമ ഭേദഗതി നടന്നാല്‍ കൗണ്‍സില്‍ നിരക്കു വര്‍ധന എന്നുമുതല്‍ വേണമെന്ന കാര്യത്തില്‍ കൗണ്‍സില്‍ തീരുമാനമെടുക്കും.

മാത്രമല്ല, ജിഎസ്ടി വരുന്നതിനു മുന്‍പുള്ള നികുതി നിരക്കുകളെക്കാള്‍ കുറവാണ് വലിയ കാറുകള്‍ക്കുള്ള ജിഎസ്ടി എന്നു ധനമന്ത്രാലയം പറഞ്ഞു.

എന്നാല്‍, പുതിയ തീരുമാനപ്രകാരമുള്ള വര്‍ധന ചെറുകാറുകള്‍ക്കു ബാധകമാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

സമ്പന്നര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ജിഎസ്ടി വന്നപ്പോള്‍ നികുതി കുറഞ്ഞു എന്നതിനെച്ചൊല്ലി മുന്‍പ്‌ വിമര്‍ശനമുയര്‍ന്നിരുന്നു. 50-55% വരെ നികുതിയുണ്ടായിരുന്ന ആഢംബര കാറുകളുടെ നികുതി 43% ആയി താഴ്ന്നതാണ് ഏറെ ചര്‍ച്ചയായത്.

അതേസമയം, വൈദ്യുതികൂടി ഇന്ധനമായി ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് ആഢംബര കാറുകളുടെയും എസ്‌യുവികളുടെയും നിരക്കായ 28% + 15% സെസ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ജിഎസ്ടി നിലവില്‍ വന്നതോടെ ഉല്‍സാഹത്തിലായ എസ്‌യുവി-ആഢംബര കാര്‍ വിപണിക്ക് പുതിയ തീരുമാനം തിരിച്ചടിയാണ്.

കൂടാതെ, ആഢംബര കാര്‍ വ്യവസായത്തിന്റെ വളര്‍ച്ചയെ ഇത് സാരമായി ബാധിക്കുമെന്ന് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ മേധാവി റോളന്‍ഡ് ഫോള്‍ഗര്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഇടയ്ക്കിടെ നികുതിയും വ്യവസ്ഥകളും മാറ്റുന്നത് വില്‍പനയെ ബാധിക്കുമെന്ന് കാര്‍ വ്യവസായികള്‍ വ്യക്തമാക്കി.

Top