പട്‌ന : മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥികളെ ക്ഷേത്രത്തിലെത്തിച്ച് മോഷ്ടിച്ചിട്ടില്ലെന്ന് സത്യം ചെയ്യിപ്പിച്ച് വനിതാ അധ്യാപിക. ബിഹാര്‍ ബങ്ക ജില്ലയിലുള്ള ഒരു പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപികയുടെ പേഴ്‌സില്‍ നിന്ന് 35 രൂപ കാണാതായിരുന്നു. കുട്ടികളില്‍ ഒരാളാണ് പൈസ മോഷ്ടിച്ചതെന്നായിരുന്നു അധ്യാപികയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് അധ്യാപികയുടെ നടപടി.
രാജൗണ്‍ ബ്ലാക്കിലെ അസ്മാനിച്ചക് ഗ്രാമത്തിലുള്ള സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം. ക്ലാസെടുക്കുന്നതിനിടെ തന്റെ ബാഗില്‍ നിന്നും വെള്ളക്കുപ്പി എടുത്തു കൊണ്ടുവരാന്‍ ഒരു വിദ്യാര്‍ത്ഥിയോട് ടീച്ചര്‍ നീതു കുമാരി ആവശ്യപ്പെട്ടു. ടീച്ചറുടെ നിര്‍ദ്ദേശാനുസരണം വിദ്യാര്‍ത്ഥി വെള്ളക്കുപ്പി എടുത്ത് നല്‍കി. ക്ലാസ് കഴിഞ്ഞ് പേഴ്‌സ് പരിശോധിച്ച നീതു 35 രൂപ കാണാനില്ലെന്ന് മനസിലാക്കി.
വെള്ളക്കുപ്പിയെടുക്കാന്‍ വിട്ട കുട്ടിയോട് ചോദിച്ചപ്പോള്‍ പൈസ എടുത്തിട്ടില്ലെന്നായിരുന്നു മറുപടി. മറ്റ് കുട്ടികളും ഇതുതന്നെ ആവര്‍ത്തിച്ചു. എന്നാല്‍ കുട്ടികളില്‍ ഒരാള്‍ തന്നെയാണ് മോഷണം നടത്തിയതെന്നായിരുന്നു അധ്യാപികയുടെ ആരോപണം. തുടര്‍ന്ന് സത്യം കണ്ടെത്താന്‍, സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും അടുത്തുള്ള ക്ഷേത്രത്തില്‍ എത്തിച്ച് പൈസ എടുത്തിട്ടില്ലെന്ന് സത്യം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആകെ 122 വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ ഉള്ളത്. ബുധനാഴ്ച നീതുവാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏക അധ്യാപിക. സ്‌കൂളില്‍ രണ്ട് അധ്യാപകര്‍ മാത്രമാണുള്ളത്. വിഷയം വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ അറിയിച്ചതോടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി എത്തി. അധ്യാപികയ്ക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഗ്രാമവാസികളും കുട്ടികളുടെ രക്ഷിതാക്കളും നിലപാടെടുത്തു. വിദ്യാര്‍ത്ഥികളോട് ചോദിച്ചപ്പോള്‍ അവര്‍ തന്നെയാണ് അടുത്തുള്ള ക്ഷേത്രത്തിലെത്തി സത്യം ചെയ്തതെന്നാണ് അധ്യാപികയുടെ വാദം. സംഭവത്തില്‍ വനിതാ അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി.