കടലിന്റെ മക്കളുടെ കണ്ണീരൊപ്പുന്ന ബജറ്റ്; മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സിഐടിയു

തിരുവനന്തപുരം : കടലിന്റെ മക്കളുടെ കണ്ണീരൊപ്പുന്ന ബജറ്റാണ് രണ്ടാം പിണറായി സര്‍ക്കാരിന് വേണ്ടി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ എംഎല്‍എ. തീരദേശത്തെ ദുരിതാവസ്ഥ പൂര്‍ണമായും മാറ്റുന്നതിന് ദീര്‍ഘകാല പരിഹാര പദ്ധതിക്കായി 5300 കോടി രൂപയുടെ അടങ്കല്‍ തുകയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

രാജ്യത്തെ പ്രശസ്തമായ ഗവേഷണ സ്ഥാപനങ്ങളെ ഉപയോഗിച്ച് കടലേറ്റവും കടലാക്രമണവും തടയുന്നതിനായി ശാസ്ത്രീയമായി പഠനം നടത്തി കൊണ്ട് പദ്ധതികള്‍ പൂര്‍ത്തികരിക്കും എന്ന ബജറ്റ് പ്രഖ്യാപനവും സ്വാഗതാര്‍ഹമാണെന്നും പുനര്‍ഗേഹം, ലൈഫ് മിഷന്‍, ഹാര്‍ബര്‍ വികസനം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠന പദ്ധതികള്‍, സംരംഭകര്‍ക്കായുള്ള പലിശരഹിത വായ്പ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും ഉണ്ടാകുമെന്ന ബജറ്റിലെ പ്രഖ്യാപനവും സര്‍ക്കാരിന്റെ ഈ മേഖലയിലെ കരുതലായി.

1500 കോടി രൂപ കിഫ്ബി മുഖേന ലഭ്യമാക്കി കൊണ്ട് തീരദേശ സംരക്ഷണം സമയബന്ധിതമായി നടപ്പിലാക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഏറെ ആശാവഹമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച തീരദേശ സ്‌കൂളുകളുടെയും ആശുപത്രികളുടെയും തീരദേശ മത്സ്യവിപണികളുടെയും നിര്‍മ്മാണ പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് പുതിയ 11,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നാലുവര്‍ഷംകൊണ്ട് നടപ്പിലാക്കാന്‍ കഴിയും എന്ന് പ്രഖ്യാപനവും തീരദേശത്ത മേഖലയുടെ വികസനത്തെ ത്വരിതപ്പെടുത്തുന്നതാണ്. മത്സ്യസംസ്‌കരണത്തിന് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തുക വകയിരുത്തിയതും ശ്രദ്ധേയമാണ്.

തീരദേശ സംരക്ഷണം, തീരദേശ ഹൈവേ, വേസൈഡ് സൗകര്യ പദ്ധതികള്‍ അടങ്ങുന്ന ഈ വികസന പാക്കേജ് തീരദേശമേഖലയില്‍ ഉത്തേജനം നല്‍കുന്നതാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളി ജനതയുടെയും തീരദേശമേഖലയുടെയും സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള പദ്ധതികളും അവതരിപ്പിക്കുന്നതിലൂടെ തീരദേശത്തെ ചേര്‍ത്തുനിര്‍ത്തുന്ന നിലപാടാണ് ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Top