കോവിഡ്; ലോക്ഡൗണ്‍ മെയ് 7 വരെ നീട്ടാന്‍ തീരുമാനിച്ച് തെലങ്കാന സര്‍ക്കാര്‍

ഹൈദരബാദ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ മെയ് ഏഴ് വരെ നീട്ടാന്‍ തീരുമാനിച്ച് തെലങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മെയ് അഞ്ചിന് സര്‍ക്കാര്‍ പരിശോധിച്ച ശേഷം തുടര്‍ തീരുമാനം െൈകകാള്ളുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

അരി മില്ലുകളെയും മരുന്നു കമ്പനികളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും എന്നാല്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരടക്കമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വിഗ്ഗി, സൊമാറ്റോ പോലുള്ളവര്‍ വിതരണത്തിന് ശ്രമിച്ചാല്‍ നടപടി ഉണ്ടാകും.

അതേസമയം,കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രത്യേക റേഷന്‍ അനുവദിക്കും. കുടുംബ സമേതം തെലങ്കാനയില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളാണെങ്കില്‍ 1500 രൂപ ധന സഹായവും നല്‍കാനാണ് തീരുമാനം.

ജീവന്‍ അപകടത്തിലാക്കി സേവന രംഗത്തുള്ള പൊലീസുകാര്‍ക്ക് 10 ശതമാനം ശമ്പള വര്‍ധനക്കും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 20 ന് ശേഷം നിയന്ത്രണങ്ങളില്‍ കേന്ദ്രം അനുവദിക്കുന്ന സംസ്ഥാനത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വാടകക്ക് കെട്ടിട ഉടമസ്ഥര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും അതിന് പലിശ ഈടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം,വാടകക്കായി കെട്ടിട ഉടമസ്ഥര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ സ്‌കൂളുകളെ പുതിയ അധ്യയന വര്‍ഷം ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ചന്ദ്രശേഖരറാവു അറിയിച്ചു.

അതേസമയം,തെലങ്കാനയില്‍ ഇതുവരെ 858 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ മരിക്കുകയും 186 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

Top