യുഎഇയിലെ വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ടെലികോം അതോരിറ്റി

അബുദാബി: യുഎഇയിലെ വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ടെലികോം റെഗുലേറ്ററി അതോരിറ്റിയുടെ മുന്നറിയിപ്പ്. വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്ന കണ്ടെത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ്‌ മുന്നറിയിപ്പുമായി ടെലികോം അതോരിറ്റി രംഗത്ത് വന്നിരിക്കുന്നത്. ഉപയോക്താക്കള്‍ എത്രയും പെട്ടന്ന്‌ വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ടെലികോം അതോരിറ്റി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസിദ്ധീകരണത്തില്‍ പറയുന്നത്.

ഫേസ്ബുക്കിന്റെ സ്വന്തമാക്കിയ മെസേജിങ് ആപ്പിന്റെ ഗുരുതര വീഴ്ചയാണ് പുറത്ത് വന്നിരിക്കുന്നത്. ഈ സംവിധാനം നിര്‍മിച്ചതിന് പിന്നില്‍ ഇസ്രായേലില്‍ നിന്നുള്ള സുരക്ഷാ സ്ഥാപനമായ എന്‍എസ്ഒയാണ്. വാട്ട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്ക് ടിആര്‍എ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹാക്കര്‍മാര്‍ ഫോണുകളില്‍ നുഴഞ്ഞു കയറുന്നത് വാട്ട്‌സ് ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലൂടെയാണ് എന്നാണ് കണ്ടെത്തല്‍. പക്ഷേ വോയിസ് കോളുകള്‍ എടുത്തില്ലെങ്കിലും നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. കോള്‍ വന്ന ഉടനെ ലോഗില്‍ നിന്നും കോള്‍ ഡീറ്റയില്‍ അപ്രത്യക്ഷമാകുന്നതിനാല്‍ ഇത്തരം ഹാക്കിങ് കോളുകള്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ലോഗില്‍ കാണാന്‍ സാധിക്കില്ല.

ഹാക്കിംഗിന് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ മുന്നോടിയായാണ് ഉപയോക്താക്കളോട് വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Top