പനാജി: വെസ്റ്റേണ്‍ ഫ്രണ്ടിനെതിരെ ആക്രണം നടത്താന്‍ ധൈര്യമുണ്ടോ എന്ന് കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോടുള്ള ടെലിവിഷന്‍ അവതാരകന്റെ ചോദ്യമാണ് പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍.
പനാജിയില്‍ നടന്ന വ്യവസായികളുടെ യോഗത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു പരീക്കര്‍.
മ്യാന്‍മര്‍ അതിര്‍ത്തിയിലെ സൈനിക നീക്കങ്ങളെക്കുറിച്ച് സൈനികന്‍ കൂടിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വിശദീകരിക്കുന്നതിനിടെയാണ് അവതാരകന്റെ പരിഹാസം കലര്‍ന്ന ഈ ചോദ്യം. തുടര്‍ന്നാണ് 2016 സെപ്റ്റംബര്‍ 29ന് വെസ്റ്റേണ്‍ ഫ്രണ്ടിനെതിരെ മിന്നലാക്രമണം നടത്തിയത്. 15 മാസങ്ങള്‍ക്കു മുന്‍പുതന്നെ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തര സാഹചര്യമുണ്ടായാല്‍ ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കുന്നതിനായി തയാറാക്കി നിര്‍ത്തിയിരുന്നെന്നും എന്നാല്‍ ഇതിനായി ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു.
ഭീകരഗ്രൂപ്പായ എന്‍എസ്‌സിഎന്‍-കെ 2015 ജൂണ്‍ നാലിനാണ് മണിപ്പൂരിലെ ചന്ദല്‍ ജില്ലയില്‍വച്ച് ഇന്ത്യന്‍ സൈനിക വ്യൂഹത്തിനെതിരെ ആക്രമണം നടത്തിയത്. 200 പേരുള്ള ചെറിയൊരു ഭീകരസംഘടനയാണ് 18 ദോഗ്ര സൈനികരെ കൊലപ്പെടുത്തിയത്. ഇതറിഞ്ഞപ്പോള്‍ അപമാനം തോന്നിയെന്നും തുടര്‍ന്ന് ജൂണ്‍ എട്ടിന് മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ആദ്യ മിന്നലാക്രമണം നടത്തുകയായിരുന്നെന്നും പരീക്കര്‍ പറഞ്ഞു.
ഇതിനായി കൂടുതല്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുകയും മുന്‍ഗണനാ ക്രമത്തില്‍ ആയുധങ്ങള്‍ വാങ്ങുകയും ചെയ്തു. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത സ്വാതി ആയുധ നിര്‍ണയ റഡാര്‍ ഉപയോഗിച്ചാണ് പാക് മേഖലകള്‍ കണ്ടെത്തിയതെന്ന് പരീക്കര്‍ വ്യക്തമാക്കി.