തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ പരിപാലന സംഘത്തിന്റെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. വെബ്‌സൈറ്റിന്റെയും സോഷ്യല്‍ മീഡിയയുടേയും തുടര്‍ പരിപാലനം അനിവാര്യമെന്ന പരാമര്‍ശത്തോടെയാണ് 12 അംഗ സംഘത്തിന്റെ കരാര്‍ കാലാവധി നീട്ടിയത്. പ്രതിമാസം 6.67 ലക്ഷം രൂപയാണ് ഇവര്‍ക്ക് ശമ്പളത്തിന് മാത്രം ചെലവാകുന്നത്.
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ ഹാന്റിലുകളും പരിപാലിക്കുന്നതിന് ആവശ്യമായതാണ് സംഘം. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് മുതല്‍ ടീം ലീഡര്‍ വരെയുള്ള 12 അംഗങ്ങളാണ് ടീമിലുള്ളത്. ടി മുഹമ്മദ് യഹിയയാണ് ടീം ലീഡര്‍. ടീം ലീഡര്‍ക്ക് 75000 രൂപയാണ് പ്രതിമാസ ശമ്പളം. കണ്ടന്റ് മാനേജര്‍ സുദീപ് ജെ സലീമിന് 70000 രൂപയാണ് വേതനം. സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍കെ സന്ദീപ്, സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ ആര്‍ വിഷ്ണു, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് ഷഫീഖ് സല്‍മാന്‍ കെ എന്നിവര്‍ക്ക് 65000 രൂപ വീതമാണ് പ്രതിഫലം.
ഡെലിവറി മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന പിപി അജിത്തിന് 56000 രൂപയാണ് ശമ്പളം. റിസര്‍ച്ച് ഫെലോ ജി ജിതിന് 53000 രൂപയും കണ്ടന്റ് ഡെവലപ്പര്‍ അമല്‍ ദാസിനും കണ്ടന്റ് അഗ്രഗേറ്റര്‍ രജീഷ് ലാല്‍ എന്നിവര്‍ക്കും 53000 രൂപ വീതം ലഭിക്കും. ഡാറ്റ റിപോസിറ്ററി മാനേജര്‍മാരായ പിവി ജയകുമാറിനും എസ് ശൈലേഷ് കുമാറിനും 45000 രൂപ വീതം ലഭിക്കും. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പി വൈശാഖിന് 22290 രൂപയാണ് പ്രതിമാസം ലഭിക്കുക.
നേരത്തെ 2022 മെയ് 16 മുതല്‍ ആറ് മാസത്തേക്കായിരുന്നു ഇവര്‍ക്ക് നിയമനം നല്‍കിയത്. പിന്നീട് 2022 നവംബര്‍ 15 ന് കാലാവധി അവസാനിച്ചപ്പോള്‍ ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടുകയുമായിരുന്നു. 2023 നവംബര്‍ 15 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് 2024 നവംബര്‍ 15 വരെ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കിയത്.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിയുടെ ആയുര്‍വേദ ചികിത്സയ്ക്ക് പൂജപ്പുര ഗവണ്‍മെന്റ് പഞ്ചകര്‍മ്മ ആശുപത്രിയില്‍ ചെലവായ 10680 രൂപ സര്‍ക്കാര്‍ അനുവദിച്ചതിന്റെ രേഖയും പുറത്തുവന്നു. 2022 സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 13 വരെ നടത്തിയ ആയുര്‍വേദ ചികിത്സയ്ക്ക് ചെലവായ തുക അനുവദിക്കണമെന്ന് 2022 നവംബര്‍ മൂന്നിന് പി ശശി അപേക്ഷ നല്‍കിയിരുന്നു. ഈ തുക 2023 ജനുവരി 23 നാണ് അനുവദിച്ച് ഉത്തരവിട്ടത്.