ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത് ഇന്ന് പടിയിറങ്ങും. രാജ്യത്തിന്റെ മുഖ്യന്യായാധിപന്റെ കസേരയിൽ 74 ദിവസം പൂർത്തിയാക്കി നാളെയാണ് ഔദ്യോഗികമായി വിരമിക്കുന്നത്. എന്നാൽ, ചൊവ്വാഴ്ച അവധി ദിനമായതിനാൽ ഇന്നാണ് അവസാന പ്രവൃത്തിദിനം.
ഒന്നാം നമ്പർ കോടതിയിൽ യാത്രയയപ്പ് നടക്കും. ഉച്ചയ്ക്കുശേഷം രണ്ടിന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ബേല എം. ത്രിവേദി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് ആരംഭിക്കുക. തത്സമയ സംപ്രേഷണമുണ്ടാകും.
കഴിഞ്ഞ ആഗസ്റ്റ് 27നാണ് യു.യു ലളിത് രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. ചെറിയ കാലയളവിനിടയിലും സുപ്രിംകോടതിയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ പല ഇടപെടലുകളും നടത്തിയാണ് ഇപ്പോൾ വിരമിക്കുന്നത്. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ യു.എ.പി.എ കേസ്, പി.എഫ് പെൻഷൻ കേസ് അടക്കം പല സുപ്രധാന വിധികളുടെയും ഭാഗമാകുകയും ചെയ്തു. മുന്നാക്ക സംവരണം അടക്കമുള്ള കേസുകളിൽ തീർപ്പുപറഞ്ഞാകും ലളിത് ഔദ്യോഗിക നിയമജീവിതത്തിന് ഇന്ന് അന്ത്യം കുറിക്കുക.