ഉറപ്പേറിയ ബോഡിയും ബുള്ളറ്റ് പ്രൂഫും; ടെസ്ല ആദ്യത്തെ ഇലക്ട്രിക്ക് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചു

ടെസ്ലയുടെ ആദ്യത്തെ ഇലക്ട്രിക്ക് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചു. ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്ലയുടെ പിക്കപ്പ് ട്രക്കിന് ഒറ്റചാര്‍ജില്‍ 500 മൈല്‍ (804 കിമീറ്റര്‍) ദൂരം സഞ്ചരിക്കാന്‍ സാധിക്കും. ലോസ് ആഞ്ചല്‍സില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആദ്യ പിക്കപ്പ് ട്രക്ക് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കാണ് അവതരിപ്പിച്ചത്.

500 മൈല്‍ റേഞ്ചിന് പുറമേ 250 മൈല്‍, 300 മൈല്‍ റേഞ്ചുള്ള രണ്ട് പതിപ്പുകള്‍കൂടി സൈബര്‍ട്രക്കിനുണ്ട്. 500 മൈല്‍ റേഞ്ച് മോഡലില്‍ ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണുള്ളത്. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷി. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും.

പരമ്പരാഗത പിക്കപ്പ് ട്രക്കുകളില്‍നിന്ന് വേറിട്ട രൂപമാണ് ടെസ്ല ട്രക്കിന്റെ പ്രത്യേകത. പിന്നിലെ വലിയ ലഗേജ് സ്പേസ് ബോഡിയുടെ ഭാഗമായ ചട്ടക്കൂടിനുള്ളിലാണ്. വളരെ ഉറപ്പേറിയ ബോഡിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച വിവരങ്ങളൊന്നും ടെസ്ല പുറത്തുവിട്ടിട്ടില്ല. 6.5 ഫീറ്റ് നീളമുള്ള വാഹനത്തില്‍ ആകെ ആറ് പേര്‍ക്ക് സഞ്ചരിക്കാം. 39,900 മുതല്‍ 69,900 ഡോളര്‍ വരെയാണ് (28.6350.16 ലക്ഷം രൂപ) വില.

Top