ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്നോ നാളെയോ തുടങ്ങുമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍.
മൂന്ന് വാക്സിനുകളാണ് രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഒന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. മറ്റ് രണ്ടെണ്ണം ഒന്നാമത്തെയും രണ്ടാമത്തെയും പരീക്ഷണ ഘട്ടങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗത്തിന്റെ വ്യാപ്തി വലുതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. രോഗം ഭേദമായ ശേഷവും ചില പ്രശ്നങ്ങള്‍ വ്യക്തികളില്‍ ഉണ്ടായേക്കാം എന്ന കാര്യം നാം മനസിലാക്കേണ്ടതുണ്ട്. ശാസ്ത്രജ്ഞരും ആരോഗ്യ രംഗത്തെ വിദഗ്ധരും അതേക്കുറിച്ചെല്ലാം നീരീക്ഷിച്ചു വരികയാണ്. എന്നാല്‍ കോവിഡ് ദീര്‍ഘകാലത്തേക്ക് ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍ അപകടകരമല്ല എന്നാണ് ഇപ്പോഴത്തെ നിലയില്‍ പറയാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.