ലീഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കമാവും. ലീഡ്‌സില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ലോര്‍ഡ്‌സിലെ ആവേശ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. നായകന്‍ ജോ റൂട്ടിന്റെ ഹോം ഗ്രൗണ്ടില്‍ തിരിച്ചടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാകും ഇംഗ്ലണ്ട് ഇറങ്ങുക.
ലോര്‍ഡ്‌സില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയ ടീമില്‍ മാറ്റമില്ലാതെയാകും മൂന്നാം അങ്കത്തിന് ടീം ഇന്ത്യ കച്ചകെട്ടുക. ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്ന് നായകന്‍ വിരാട് കോലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിജയിച്ച ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കോലി പറഞ്ഞത്. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമേ മാറ്റങ്ങളുണ്ടാകു എന്നും നായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
ഇന്ത്യന്‍ ടീമില്‍ നാല് പേസര്‍മാരും തുടരും. രവീന്ദ്ര ജഡേജയ്ക്ക് പകരം അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചിരുന്നെങ്കിലും കോലി നിലപാട് വ്യക്തമാക്കിയതോടെ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരയുടെ പ്രകടനം മൂന്നാം ടെസ്റ്റില്‍ നിര്‍ണായകമാകും.
അതേസമയം ഇംഗ്ലീഷ് ടീമില്‍ മാറ്റങ്ങളുറപ്പാണ്. റോറി ബേണ്‍സിനൊപ്പം ഹസീബ് ഹമീദ് ഇന്നിംഗ്‌സ് തുറക്കാനെത്തിയേക്കും. മൂന്നാം സ്ഥാനത്തിനായി ഒലി പോപ്പും ഡേവിഡ് മലനും മത്സരിക്കുന്നു. പേസര്‍ മാര്‍ക് വുഡ് പരിക്കേറ്റ് പിന്‍മാറിയത് തിരിച്ചടിയാവും. പകരം സാഖിബ് മഹ്മൂദോ ക്രെയ്ഗ് ഒവേര്‍ട്ടനോ ടീമിലെത്തിയേക്കും. നായകന്‍ ജോ റൂട്ടിന്റെ ബാറ്റിംഗ് മികവ് തന്നെയാകും ഇക്കുറിയും ഇംഗ്ലണ്ടിന് നിര്‍ണായകം.