കോട്ടയം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ ആരോപണത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാമത്തെ വിക്കറ്റ് ഉടന്‍ വീഴുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു.
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ ആരും തള്ളിയിട്ടില്ലെന്നും, അഴിമതിക്കും കയ്യേറ്റങ്ങള്‍ക്കുമെതിരെ പോരാടുമെന്ന് പറഞ്ഞ് ഭരണത്തിലെത്തിയ പിണറായി സര്‍ക്കാരിനാണ് ഈ ഗതികേടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം, തോമസ് ചാണ്ടി കായല്‍ കൈയേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തല്‍ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഒരു സെന്റ് ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം മാത്രമല്ല എംഎല്‍എ സ്ഥാനവും രാജിവച്ച് വീട്ടില്‍ പോകുമെന്നാണ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നത്.
ഇപ്പോള്‍ കായല്‍ കൈയേറ്റവും നിയമലംഘനവും നടത്തിയതായി ജില്ലാ കളക്ടര്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണം. അല്ലാതെ ജില്ലാ കളക്ടറുടേത് പ്രാഥമിക റിപ്പോര്‍ട്ടാണെന്ന ന്യായം പറഞ്ഞ് അധികാരത്തില്‍ കടിച്ചു തൂങ്ങുകയല്ല വേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
തോമസ് ചാണ്ടിക്ക് ഇനി മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല. നിയമലംഘനം നടത്തിയ ഒരാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. നിയമസഭ പാസാക്കിയ നിയമങ്ങള്‍ ആ സഭയിലെ അംഗമായ മന്ത്രി തന്നെ അട്ടിമറിക്കുന്നത് സഭയോട് മാത്രമല്ല ജനാധിപത്യ സംവിധാനത്തോടുമുള്ള അവഹേളനമാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ വ്യക്തമാക്കി.