സുസുക്കിയുടെ എന്‍ജിന്‍ നിര്‍മ്മാണശാലയില്‍ കടന്ന പുലിയെ പിടികൂടി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സുസുക്കിയുടെ എന്‍ജിന്‍ നിര്‍മ്മാണശാലയില്‍ കടന്ന പുലിയെ 33 മണിക്കൂറുകള്‍ക്കുശേഷം വനംവകുപ്പ് അധികൃതര്‍ പിടികൂടി.

വൈദ്യ പരിശോധനയ്ക്കുശേഷം പുലിയെ കാട്ടില്‍ തുറന്നുവിടുമെന്ന് മുഖ്യ വനപാലകന്‍ വിനോദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് മാരുതി സുസുക്കിയുടെ ഡീസല്‍ എന്‍ജിന്‍ നിര്‍മ്മാണശാലയില്‍ പുലിയെ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് പുലിയെ ആദ്യം കണ്ടത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച അധികൃതര്‍ പ്ലാന്റില്‍ പുലി കടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.

പുലിയെ കണ്ടതിനെ തുടർന്ന് നിര്‍മാണ ജീവനക്കാരെ പ്ലാന്റില്‍നിന്ന് പുറത്തിറക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

മാരുതി സുസുക്കി വാഹനങ്ങള്‍ക്കുവേണ്ടി എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് 750 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്. ഓരോ ഷിഫ്റ്റിലും 1200 എന്‍ജിനുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പുലിയെ പിടികൂടിയത്

Top