ടെല്‍അവീവ്: വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഗാസയിലേക്ക് ആളുകള്‍ക്ക് പോകുന്നതിനായി ഇസ്രയേല്‍ അനുവദിച്ച സമയം അവസാനിച്ചു. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്നും ഖാന്‍ യൂനിസിലേക്കായിരുന്നു ഇസ്രയേല്‍ സുരക്ഷിതപാത ഒരുക്കിയത്. ഇസ്രയേലി ടാങ്കുകള്‍ ഗാസയുമായുള്ള അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ തുടങ്ങി. നിലവില്‍ 126 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.
നിലവില്‍ ഗാസയില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകാത്ത 50,000 ഗര്‍ഭിണികളുണ്ട് എന്നാണ് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍ പറയുന്നത്. സ്ത്രീകള്‍ക്ക് അടിയന്തിര ആരോഗ്യ പരിചരണവും സംരക്ഷണവും ആവശ്യമാണ് എന്നും യുഎന്‍പിഎഫ് അറിയിച്ചു.
അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര കാബിനറ്റ് വിളിച്ചുകൂട്ടി. ടെല്‍അവീവിലെ സൈനിക ആസ്ഥാനത്താണ് യോഗം നടന്നത്. യോഗത്തില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 1,300 ഓളം ഇസ്രയേലികളെ മന്ത്രിമാര്‍ അനുസ്മരിച്ചു. തങ്ങള്‍ തകരുമെന്ന് ഹമാസ് കരുതി, പക്ഷേ തങ്ങളാണ് ഹമാസിനെ തകര്‍ക്കുന്നത് എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.