ഏറ്റവും കടുത്ത മത്സരം പതിനാല് മണ്ഡലങ്ങളിൽ വൻ മരങ്ങൾ വീഴും

സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ചില മണ്ഡലങ്ങളുണ്ട്. മഞ്ചേശ്വരം, തലശ്ശേരി, ഗുരുവായൂര്‍, തവനൂര്‍, തൃത്താല, പാലക്കാട്, തൃശൂര്‍, തൃപ്പൂണിത്തുറ, കളമശ്ശേരി, കോന്നി, നേമം, കഴക്കൂട്ടം, പാല, പൂഞ്ഞാര്‍ തുടങ്ങിയ മണ്ഡലങ്ങളാണിത്. മുന്നണികള്‍ക്ക് മാത്രമല്ല സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ജീവന്‍മരണ പോരാട്ടമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലം 2016ലെ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്ക് ബി.ജെ.പിയെ കൈവിട്ട മണ്ഡലമാണ്. കര്‍ണ്ണാടക അതിര്‍ത്തിയിലെ ഈ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാന്‍ സര്‍വ്വ ശക്തിയും സമാഹരിച്ചാണ് സുരേന്ദ്രന്‍ പൊരുതുന്നത്.

സി.പി.എം യു.ഡി.എഫിന് വോട്ട് മറിച്ചില്ലങ്കില്‍ വിജയം സുനിശ്ചിതമാണെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്. ഇനി അഥവാ മഞ്ചേശ്വരത്ത് പരാജയപ്പെട്ടാല്‍ കോന്നിയിലെങ്കിലും വിജയിക്കണമെന്ന ലക്ഷ്യത്തോടെയാണ് സുരേന്ദ്രന്‍ കരുക്കള്‍ നീക്കുന്നത്. സംസ്ഥാനത്ത് രണ്ടു മണ്ഡലങ്ങളില്‍ ഒരേ സമയം മത്സരിക്കുന്ന ഏക സ്ഥാനാര്‍ത്ഥിയും ഈ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ്. രണ്ടിടത്തും പരാജയപ്പെട്ടാല്‍ സംസ്ഥാന അധ്യക്ഷ പദവി തന്നെ സുരേന്ദ്രനില്‍ നിന്നും തെറിക്കും. ഇക്കാര്യം ശരിക്കും അറിയാവുന്നതു കൊണ്ട് ജാഗ്രതയോടെയാണ് സുരേന്ദ്രന്‍ ഇപ്പോള്‍ നീങ്ങുന്നത്. ബി.ജെ.പി വിജയം ലക്ഷ്യമിടുന്ന മറ്റു മണ്ഡലങ്ങള്‍ പാലക്കാട്, തൃശൂര്‍, നേമം, കഴക്കൂട്ടം എന്നിവയാണ്. ഇ.ശ്രീധരന്റെ മികവില്‍ പാലക്കാട്ട് വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് ഇവിടെ ശ്രീധരന്റെ പ്രധാന എതിരാളി. സി.പി.എം വോട്ടുകളും പാലക്കാട് മണ്ഡലത്തില്‍ ഏറെ നിര്‍ണ്ണായകമാണ്. തൃശൂരില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ കളം വിട്ടതിനാല്‍ നടന്‍ സുരേഷ് ഗോപി വിജയിക്കുമെന്ന കണക്കു കൂട്ടലും കാവിപ്പടക്കുണ്ട്. നേമം സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുന്നതോടൊപ്പം കഴക്കൂട്ടം പിടിച്ചെടുക്കുക എന്നതും തലസ്ഥാന ജില്ലയിലെ ബി.ജെ.പിയുടെ ലക്ഷ്യമാണ്. നേമത്ത് കെ മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതോടെ ശക്തമായ ത്രികോണ മത്സരമാണ് നിലവില്‍ നടക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയും, ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും പ്രചരണത്തില്‍ ഇതിനകം തന്നെ ഏറെ മുന്നിലാണ്.

ഇവിടെ മുരളി ‘മാജിക്കി’ലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. നേമത്ത് വിജയിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പുതിയ മുഖമായും കെ മുരളീധരന്‍ മാറും. ഈ മണ്ഡലത്തില്‍ മൂന്ന് മുന്നണികളും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. കഴക്കൂട്ടത്ത് ശബരിമല വിഷയം കത്തിച്ച് വോട്ടാക്കി മാറ്റാനാണ് ശോഭ സുരേന്ദ്രന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. സിറ്റിംഗ് എം.എല്‍.എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ ഇവിടെ ശരിക്കും കടുത്ത മത്സരമാണ് നേരിടുന്നത്. കഴക്കൂട്ടത്ത് പരാജയപ്പെട്ടാല്‍ കടകംപള്ളിയുടെ രാഷ്ട്രീയ ഭാവിക്ക് തന്നെ അത് അപകടമാകും. കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ കോന്നിയില്‍ കോണ്‍ഗ്രസ്സ് വോട്ട് ബാങ്കിലാണ് ബി.ജെ.പി പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നീങ്ങുന്നത്.

കോണ്‍ഗ്രസിലെ പടലപിണക്കം മൂലം സാമുദായിക സമവാക്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റം അനുകൂലമാകുമെന്നും ബിജെപി കണക്കുകൂട്ടുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ നിന്നും പിടിച്ചെടുത്ത ഈ മണ്ഡലത്തില്‍ ഇടതുപക്ഷം വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. ബി.ജെ.പി ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ കേന്ദ്രമന്ത്രിസഭ പുനസംഘടനയില്‍ കേരള പ്രാതിനിത്യം കൂടാനും സാധ്യത ഏറെയാണ്. അതേസമയം പരാജയപ്പെട്ടാല്‍ ബി.ജെ.പി സംസ്ഥാന നേതൃത്വമാകെയാണ് തെറിക്കുക. ബി.ജെ.പിക്ക് തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ ഇത്തവണ ഈ മണ്ഡലങ്ങളില്‍ ‘ബേപ്പൂര്‍’ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഈ രണ്ട് സിറ്റിംഗ് സീറ്റുകളിലെയും ഫലത്തിനായാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

തവനൂര്‍ മണ്ഡലമാണ് തീ പാറുന്ന മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ അടിയൊഴുക്കുകള്‍ ശക്തമാണ്. ‘മുസ്ലീം ലീഗുകാരനെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാക്കി’ എന്ന കെ.ടി ജലീലിന്റെ പ്രചരണം യഥാര്‍ത്ഥത്തില്‍ യു.ഡി.എഫിനെയാണ് ശക്തിപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിനേക്കാള്‍ വാശിയില്‍ ജലീലിനെ തോല്‍പ്പിക്കാന്‍ ഇവിടെ രംഗത്തിറങ്ങിയിരിക്കുന്നത് മുസ്ലീംലീഗ് പ്രവര്‍ത്തകരാണ്. കുടിപ്പക വീട്ടാനുള്ള അവസരമായാണ് ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ലീഗ് പ്രവര്‍ത്തകര്‍ നോക്കി കാണുന്നത്. കുറ്റിപ്പുറത്ത് ഇത്തവണ അടിതെറ്റിയാല്‍ ജലീലിനെ സംബന്ധിച്ചും പിന്നെ ഒരു തിരിച്ചു വരവ് എളുപ്പത്തില്‍ സാധ്യമാകുകയില്ല. പാലക്കാട് ജില്ലയിലെ തൃത്താലയില്‍ നടക്കുന്നതും പ്രവചനാതീതമായ പോരാട്ടമാണ്.

വി.ടി ബല്‍റാമിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ എം.ബി രാജേഷിനു ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. അട്ടിമറി വിജയം ഇവിടെ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. എന്നാല്‍ വി.ടി ബല്‍റാം സീറ്റ് നിലനിര്‍ത്തുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സും വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. ബി.ജെ.പി വോട്ടും ഈ മണ്ഡലത്തെ സംബന്ധിച്ച് നിര്‍ണ്ണായകം തന്നെയാണ്. പാലായില്‍ ജോസ് കെ മാണിക്കും പൂഞ്ഞാറില്‍ പി.സി ജോര്‍ജിനും ജയം നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്. ഇടതു പിന്തുണയില്‍ മാണി സി കാപ്പനെ മലര്‍ത്തിയടിക്കാന്‍ കഴിയുമെന്നാണ് ജോസ്.കെ മാണി കരുതുന്നത്. എന്നാല്‍ കാപ്പനും ശക്തമായ പ്രതിരോധവുമായി മണ്ഡലത്തില്‍ സജീവമാണ്.

പൂഞ്ഞാറില്‍ ഒറ്റക്ക് നിന്നു വിജയിച്ച ചരിത്രമുള്ള പി.സി ജോര്‍ജ് വീണ്ടും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. ഈരാറ്റുപേട്ടയില്‍ ഉയര്‍ന്ന പ്രതിഷേധം പി.സിക്കും വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്. തൃപ്പൂണിത്തുറയിലും കരുത്തുറ്റ മത്സരമാണ് നടക്കുന്നത്. എം. സ്വരാജിന്റെ വിജയത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. പ്രധാന എതിരാളിയായ കെ.ബാബുവാകട്ടെ സകല ശക്തിയും സമാഹരിച്ചാണ് പോര്‍ക്കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും തന്നെ ബാബു പ്രതീക്ഷിക്കുന്നില്ല. ശബരിമല വിഷയം ഈ മണ്ഡലത്തിലും വലിയ പ്രചരണ വിഷയമാക്കിയാണ് യു.ഡി.എഫ് മാറ്റിയിരിക്കുന്നത്. ബി.ജെ.പിക്ക് ശക്തിയുള്ള മണ്ഡലത്തില്‍ കാവിപ്പട നേടുന്ന വോട്ടുകള്‍ ബാബുവിനു മാത്രമല്ല സ്വരാജിനും നിര്‍ണ്ണായകമായിരിക്കും.

‘പാലാരിവട്ടം പാലം’ അഴിമതിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ കളമശ്ശേരിയില്‍ പാലം അഴിമതി തന്നെയാണ് പ്രധാന പ്രചരണ വിഷയം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.രാജീവ് പ്രചരണത്തില്‍ ഏറെ മുന്നിലാണുള്ളത്. മക്കള്‍ രാഷ്ട്രീയവും ഈ മണ്ഡലത്തില്‍ ശരിക്കും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുസ്ലീംലീഗിലെ അടിഒഴുക്കുകളും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച ലഭിച്ചാല്‍ മന്ത്രി പദവിയിലെത്താന്‍ സാധ്യത ഉള്ളവരാണ് പി.രാജീവും എം.ബി രാജേഷും. യു.ഡി.എഫിനാണ് ഭരണം ലഭിക്കുന്നതെങ്കില്‍ പാലക്കാട് നിന്നും വിജയിച്ചാല്‍ ഷാഫി പറമ്പിലിനും, തൃപ്പൂണിത്തുറയില്‍ നിന്നും ജയിച്ചാല്‍ കെ.ബാബുവിനും മന്ത്രി പദവിക്ക് സാധ്യതയുണ്ട്. ഇക്കാര്യങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്.

എങ്ങനെയും വിജയിക്കുക എന്നതിനു മാത്രമാണ് മൂന്ന് മുന്നണികളും നിലവില്‍ ശ്രമിക്കുന്നത്. പരമാവധി സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെങ്കില്‍ ഭരണത്തില്‍ കുറഞ്ഞ് ഒന്നും തന്നെ യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. ‘ഇത്തവണ ഭരണം ലഭിച്ചില്ലങ്കില്‍ ഇനി ഒരിക്കലും ഇല്ല’ എന്ന ബോധത്തില്‍ തന്നെയാണ് അവരുടെ നീക്കങ്ങള്‍. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പരമാവധി ഇടങ്ങളില്‍ ഇറക്കി പ്രചരണത്തില്‍ മേധാവിത്വമുണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ബി.ജെ.പിക്കു വേണ്ടി അമിത് ഷാ ഉള്‍പ്പെടെയുള്ളവരും കളത്തിലിറങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി കൂടി എത്തുന്നതോടെ ചുരുങ്ങിയത് 5 സീറ്റുകളിലെങ്കിലും ജയിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി കരുതുന്നത്.

അതേസമയം, ഇടതുപക്ഷം ചിട്ടയായ പ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭരണ തുടര്‍ച്ച ഇത്തവണ ഉണ്ടാകുമെന്ന് തന്നെയാണ് സി.പി.എം നേതൃത്വം കരുതുന്നത്. ആര് ഭരിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം എന്തായാലും ഉറപ്പാണ്. അപ്രതീക്ഷിതമായ ചില വിജയങ്ങളും പരാജയങ്ങളും ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകുക തന്നെ ചെയ്യും.

 

Top