മോഹൻലാല്‍ ഒറ്റയ്‍ക്ക് സ്‍ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് ‘എലോണ്‍’. നീണ്ട കാലത്തിനു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നതിനാലും പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍.
കൊവിഡ് കാലത്തെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘എലോണ്‍’. മോഹൻലാല്‍ മാത്രം സ്‍ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ശബ്‍ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാര്യർ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. രാജേഷ് ജയരാമനാണ് തിരക്കഥ എഴുതുന്നത്. മോഹൻലാലിന് മികച്ച അഭിനയ സാധ്യതയുളള ഒരു ചിത്രമായിരിക്കും ‘എലോണ്‍’ എന്നാണ് കരുതപ്പെടുന്നത്. ഷാജി കൈലാസിന്റെ മെക്കിംഗ് മികവും ചിത്രത്തില്‍ പരീക്ഷിക്കപ്പെടും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്.
എഡിറ്റിംഗ് ഡോണ്‍ മാക്സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍. മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ മറ്റ് പ്രധാന അണിയറക്കാര്‍.