ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രിക്കറ്റ്, രാഷ്ട്രീയം, അധികാരം, വിശ്വാസം തുടങ്ങിയ വികാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ സഞ്ചരിക്കുന്നത്. മിന്നിമറയുന്ന ഷോട്ടുകളില്‍, തീ പാറുന്ന ദൃശ്യങ്ങളോടൊപ്പം വിക്രാന്തിന്റെയും വിഷ്ണു വിശാലിന്റെയും വമ്പന്‍ പോരാട്ടവും അപ്രതീക്ഷിതമായ രജനീകാന്തിന്റെ മാസ്സ് എന്‍ട്രിയും ഗംഭീര ഫൈറ്റിനോടൊപ്പം ജയത്തിനായി കാത്തിരിക്കുന്ന ഒരു കൂട്ടത്തേയും കാണാം. ഫെബ്രുവരി ഒന്‍പതിന് തിയേറ്റര്‍ റിലീസ് ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. സുബാസ്‌കരനാണ് നിര്‍മ്മാതാവ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തില്‍ ‘മൊയ്ദീന്‍ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാര്‍. ചിത്രത്തിന്റെ പ്രമേയം ക്രിക്കറ്റാണെങ്കിലും അതിലുപരി മറ്റു ചില വിഷയങ്ങള്‍കൂടി സംസാരിക്കുന്ന സിനിമയാണിത്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങള്‍ക്കും ‘സിനിമാ വീരന്‍’ എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വര്‍ഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘ലാല്‍ സലാം’.ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീണ്‍ ഭാസ്‌കര്‍, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലന്‍, പിആര്‍ഒ: ശബരി.

Top