മധ്യവയസ്‌കന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്ററുകള്‍

deadbody

പാട്‌ന: ആരാലും ശ്രദ്ധിക്കപ്പെടാതെ മധ്യവയസ്‌കന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്ററുകള്‍. തീവണ്ടിയിലെ കക്കൂസിലാണ് കാണ്‍പുര്‍ സ്വദേശിയായ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ എന്ന വ്യവസായി മരിച്ചു കിടന്നത്.

മെയ് 24 ന് കാണ്‍പുര്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലേക്ക് യാത്ര തുടങ്ങിയതാണ് പാട്‌ന -കോട്ട സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്. ഈ വണ്ടിയുടെ മൂന്നാംക്ലാസ് ഏ സി കമ്പാര്‍ട്ടുമെന്റിലായിരുന്നു ഇദ്ദേഹം യാത്ര ചെയ്തിരുന്നത്. 72 മണിക്കൂറുകള്‍ക്ക് ശേഷം സഞ്ജയ് കുമാര്‍ അഗര്‍വാളിന്റെ മൃതദേഹം ഇദ്ദേഹം സഞ്ചരിച്ചിരുന്ന തീവണ്ടിയിലെ ടോയ്‌ലെറ്റിനുള്ളില്‍ നിന്ന് കണ്ടെത്തി. തീവണ്ടി പാട്‌നയില്‍ എത്തിയതിന് ശേഷം ശുചീകരണ ശ്രമത്തിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. അപ്പോഴേക്കും 1500 കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞിരുന്നു. ആഗ്ര കഴിഞ്ഞുള്ള ഒരോ സ്‌റ്റേഷനിലും തീവണ്ടി നിര്‍ത്തിയിട്ടപ്പോള്‍ പോലും മരിച്ച് കിടക്കുന്ന വിവരം ആരുടെയും ശ്രദ്ധില്‍പെട്ടില്ല.

കോട്ടയില്‍ നിന്ന് തീവണ്ടി അതേവഴിയില്‍ കൂടി തന്നെ തിരികെ പാട്‌നയിലെത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടത്തുന്നത്. പുലര്‍ച്ചെ ആറിന് യാത്ര തുടങ്ങിയ ഇദ്ദേഹത്തിനെ അന്നേ ദിവസം രാവിലെ 7.30 ന് ഭാര്യ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. സംഭാഷണ മധ്യേ തനിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്ന് ഇദ്ദേഹം ഭാര്യയോട് സൂചിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞ് സഞ്ജയ് കുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ഫോണ്‍ സ്വിച്ച് ഓഫ് ആയി എന്ന അറിയിപ്പ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ആഗ്രയില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ സഞ്ജയ് അവിടെ എത്തിയിട്ടില്ല എന്നും വിവരം ലഭിച്ചു. ഇതോടെ ഇവര്‍ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ലോക്കല്‍ പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍, സഞ്ജയ് കുമാറിന്റെ ഭാര്യ തങ്ങള്‍ക്ക് നല്‍കിയ തീവണ്ടിയുടെ നമ്പര്‍ തെറ്റായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. മാത്രമല്ല ഇദ്ദേഹത്തിന്റെ പക്കല്‍ റിസര്‍വ് ചെയ്ത ടിക്കറ്റായിരുന്നില്ല ഉണ്ടായിരുന്നതെന്നും അതിനാല്‍ കണ്ടെത്താന്‍ പ്രയാസമായി തീര്‍ന്നുവെന്നും അവര്‍ വിശദീകരിക്കുന്നു.

സഞ്ജയ്കുമാറിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് കാണ്‍പുര്‍ പൊലീസിനെ വിവരമറിയിച്ചു. അപ്പോഴാണ് മെയ് 24 മുതല്‍ ഇയാളെ കാണാനില്ല എന്ന പരാതിയുണ്ടായിരുന്നുവെന്ന വിവരം ലഭിക്കുന്നത്.

Top