രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ വിചാരണ കോടതികള്‍ റദ്ദാക്കുന്നത് തടയണം; കേരളം

ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ വിചാരണ കോടതികള്‍ റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസ്സുകള്‍ ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേരളം നിലപാടറിയിച്ചത്. സുപ്രീം കോടതിയില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ വിചാരണ കോടതികളെ തീരുമാനം എടുക്കുന്നത് വിലക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

മക്‌ഡൊണാള്‍ഡ്, കെഎഫ്‌സി വില്‍പ്പന കേന്ദ്രങ്ങള്‍ ആക്രമിച്ച കേസില്‍ രൂപേഷിനെതിരെ ചുമത്തിയിരുന്ന യുഎപിഎ കുറ്റം കഴിഞ്ഞ ദിവസം പാലക്കാട്ടെ കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വളയം, കുറ്റ്യാടി കേസ്സുകളില്‍ പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടി

ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ ആ വിധിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസ്സുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രൂപേഷ് മറ്റ് ചില വിചാരണ കോടതികളിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013 ല്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014 ല്‍ വളയം പൊലീസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് കേരള ഹൈക്കോടതി രൂപേഷിന്റെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചത്. രാജ്യദ്രോഹ കേസില്‍ പ്രോസിക്യുഷന്‍ അനുമതി ഇല്ലാതെ വിചാരണ കോടതിക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു.

Top