ഉത്ര വധക്കേസില്‍ വിചാരണ ആരംഭിച്ചു

അഞ്ചല്‍: അഞ്ചല്‍ ഉത്ര വധക്കേസില്‍ വിചാരണ ആരംഭിച്ചു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍ മേല്‍ കൊല്ലത്തെ ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുമ്പാകെയാണ് കേസിന്റെ വിചാരണ.
വിചാരണ നടപടികളുടെ ഭാഗമായി പ്രതിഭാഗം അഭിഭാഷകനോട് കോടതിയില്‍ ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജ് (27) ആണ് കേസിലെ മുഖ്യ പ്രതി. മാസങ്ങളായി നടന്ന ഗൂഡാലോചനയും, ആസൂത്രിതവുമായിരുന്നു ഉത്രയുടെ കൊലപാതകമെന്നും സ്വത്തുക്കള്‍ നഷ്ട്ടമാകാതിരിക്കാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നുവെന്നും ആര്‍ക്കും സംശയം തോന്നാത്ത വിധം പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം എന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.

മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളിശ്ശേരി വീട്ടില്‍ ഉത്രയെ അഞ്ചലിലെ വീട്ടില്‍ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു അച്ഛന്‍ വിജയസേനന്‍ മാതാവ് മണിമേഖല എന്നിവര്‍ റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കേസ് അന്വേഷിച്ചു വന്ന അഞ്ചല്‍ പൊലീസിനെതിരെ ബന്ധുക്കള്‍ ആക്ഷേപം ഉന്നയിച്ചതോടെ കേസ് റൂറല്‍ പൊലീസ് മേധാവി ജില്ല ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടാം നാള്‍ ഉത്രയുടെ മരണം കൊലപാതകം എന്ന് തെളിയിക്കുകയും പ്രതിയായ സൂരജിനെ അറസ്റ്റ് ചെയുകയും ചെയ്തു.

Top