വാഷിങ്ടണ്‍: സൈനിക നടപടി ആരംഭിച്ചാല്‍ പോങ്‌യാങ്ങിനെ ചാമ്പലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
ഉത്തരകൊറിയയുടെ മിസൈല്‍, ആണവ പദ്ധതികള്‍ക്കെതിരെ ആദ്യ തിരിച്ചടിയായി സൈനിക നടപടിയുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രണ്ടാമതൊരു മാര്‍ഗത്തിനായി തങ്ങള്‍ പൂര്‍ണ സജ്ജരാണെന്നും, അതൊരിക്കലും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷെ രണ്ടാമത്തെ മാര്‍ഗം തിരഞ്ഞെടുക്കേണ്ടിവന്നാല്‍ ഉത്തരകൊറിയയെ ചാമ്പലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ മാര്‍ഗം സൈനിക നടപടിയാണെന്നും, വേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ കുറെ ആഴ്ചകളായി ട്രംപും കിം ജോങ് ഉന്നും നിരന്തരം വാക്‌പോരിലൂടെ തമ്മില്‍ കടിച്ചു കീറുകയാണ്.
സെപ്റ്റംബര്‍ മൂന്നിന് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തുകകൂടി ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ വഷളായി.
എന്നാല്‍, കൂടുതല്‍ ഉപരോധം എര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തില്‍ വീണ്ടും പ്രകോപനവുമായി ഉന്‍ രംഗത്ത് വന്നിരുന്നു.
ഉത്തരകൊറിയയെ തകര്‍ക്കും എന്ന ട്രംപിന്റെ വെല്ലുവിളിക്ക് അദ്ദേഹത്തിനു തലയ്ക്കു സ്ഥിരതയില്ലെന്നായിരുന്നു കിം ജോങ് ഉന്നിന്റെ മറുപടി.
മറ്റൊരിടത്തും മുമ്പെങ്ങും ഇല്ലാത്തവിധം ഭ്രാന്തനായ ഈ മനുഷ്യന്‍ പരീക്ഷിക്കപ്പെടുമെന്ന് ട്രംപും തിരിച്ചടിച്ചു.
മുന്നറിയിപ്പുകള്‍ ഒന്നും വകവെക്കാതെ പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉത്തരകൊറിയയുടെ അടുത്ത നീക്കം.
ഇതിനെ എങ്ങനെ ട്രംപ് നേരിടുമെന്നാണ് ലോകം കാത്തിരിക്കുന്നത്.
എന്നാല്‍, ഇരുനേതാക്കളുടെയും പ്രസ്താവനകള്‍ നഴ്‌സറി കുട്ടികളുടെ പോലെയാണെന്ന് റഷ്യ പ്രതികരിച്ചു.
നിലവില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണെന്നായിരുന്നു ചൈനയുടെ പ്രതികരണം.
ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ പദ്ധതിയിട്ട് യുഎസ് ഇറക്കിയ പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടതിനെ തുടര്‍ന്ന് ശക്തമായ ഭാഷയില്‍ പ്രതികരണവുമായി ഉത്തര കൊറിയ രംഗത്തെത്തിയിരുന്നു.
‘യുഎസിന്റെ പരമാധികാരം കയ്യാളുന്നയാള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കു കനത്ത വില നല്‍കേണ്ടി വരുമെന്നും, ഏതു തരം മറുപടിയാണ് അയാള്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നതെന്നും, അദ്ദേഹത്തിന്റെ വാക്കുകള്‍ അതിരുവിട്ടിരിക്കുന്നു, ട്രംപ് എന്തു പ്രതീക്ഷിച്ചാലും അതിനേക്കാള്‍ വലുതാകും അനുഭവിക്കേണ്ടിവരികയെന്നും, ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാണ് ട്രംപ്’ എന്നുമാണ് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കുറിപ്പിലൂടെ കിം ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഉത്തര കൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസുകളെ നിര്‍ത്തലാക്കുകയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ഉത്തര കൊറിയയെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ ലോകത്തിനു സൃഷ്ടിക്കുന്ന ഭീഷണിയെ ഉത്കണ്ഠയോടെയാണ് ഐക്യരാഷ്ട്ര സംഘടനയും രാജ്യാന്തര സമൂഹവും കാണുന്നത്.
യുഎന്‍ പൊതുസഭയിലെ കന്നി പ്രസംഗത്തില്‍, ഉത്തര കൊറിയയും ‘റോക്കറ്റ് മനുഷ്യനും’ (കിം ജോങ്) ഭീഷണി തുടര്‍ന്നാല്‍ പൂര്‍ണമായി നശിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.