പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണ ചുമതല പുതിയ ഭരണസമിതിക്ക് കൈമാറാമെന്ന് ക്ഷേത്രം ട്രസ്റ്റി

ന്യൂഡല്‍ഹി: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല പുതുതായി രൂപീകരിക്കുന്ന ഭരണസമിതിക്ക് കൈമാറാമെന്ന് ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാള്‍ രാമ വര്‍മ്മ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

അതേസമയം ആചാര സംബന്ധമായ വിഷയങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഭരണസമിതി ബാദ്ധ്യസ്ഥമായിരിക്കുമെന്ന് രാമ വര്‍മ്മയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന മൗലികമായ വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുമതി ഭരണസമിതി തേടണം. ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ പ്രതിമാസം 15 ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കാന്‍ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ല. ഒരു കോടിയില്‍ അധികം ചെലവ് വരുന്ന കാര്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധം ആയിരിക്കും.

ക്ഷേത്ര പുനരുദ്ധാരണവും നവീകരണവും ആയി ബന്ധപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും ഭരണസമിതിക്ക് ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യം ആയിരിക്കും എന്ന് രാമവര്‍മ്മ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ക്ഷേത്ര ഭരണത്തെ കുറിച്ച് പരാതി ഉണ്ടെങ്കില്‍ അക്കാര്യത്തില്‍ ഉള്ള നിര്‍ദേശം ട്രസ്റ്റിക്ക് ഭരണസമിതിക്ക് കൈമാറാന്‍ കഴിയും.

ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ചംഗ ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരിക്കും. സമിതിയിലെ ഏതെങ്കിലും ഒരു അംഗം നേരത്തെ ഒഴിയുക ആണെങ്കില്‍ ആ സ്ഥാനത്തേക്ക് പുതിയ വ്യക്തിയെ നിയമിക്കും. ക്ഷേത്ര ഓഡിറ്റിങ് നടത്തുന്ന സ്ഥാപനം ഓരോ മൂന്ന് വര്‍ഷത്തിലും മാറ്റിക്കൊണ്ടിരിക്കുമെന്നും അഭിഭാഷകന്‍ ശ്യാം മോഹന്‍ മുഖേനെ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ട്രസ്റ്റി വ്യക്തമാക്കിയിട്ടുണ്ട്.

നയപരമായ വിഷയങ്ങളില്‍ ട്രസ്റ്റിക്ക് നിര്‍ദേശം നല്‍കുന്നതിന് രണ്ടംഗ ഉപദേശക സമിതി രൂപികരിക്കും. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയും, ട്രസ്റ്റിയുടെ നോമിനിയും അടങ്ങുന്നത് ആകും ഉപദേശക സമിതി എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്.

Top