വാഷിങ്ടന്‍: ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ടോക്കിയോയില്‍ ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്തശേഷം തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. യോഗത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായും പോംപെയോ കൂടിക്കാഴ്ച നടത്തി. ഇന്തോ – പസഫിക് മേഖലയിലെയും ആഗോളതലത്തിലെയും സുരക്ഷ, സമാധാനം, സ്ഥിരത, മുന്നേറ്റം തുടങ്ങിയ വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ഇരുനേതാക്കളും ഉന്നയിച്ചിരുന്നു.
ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച ‘ഗുണപരമായിരുന്നു’ എന്നാണു പോംപെയോയുടെ നിലപാട്. ‘ഇത്രയും നാള്‍ ഞങ്ങള്‍ (ക്വാഡ് രാജ്യങ്ങള്‍) ഉറങ്ങുകയായിരുന്നുവെന്നു വ്യക്തമായി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നേറാന്‍ ദശകങ്ങളോളം പാശ്ചാത്യ രാജ്യങ്ങള്‍ അനുവദിച്ചു. മുന്‍പുണ്ടായിരുന്ന ഭരണകൂടം മുട്ടുമടക്കി, ബൗദ്ധിക സ്വത്തുക്കള്‍ കവരാന്‍ ചൈനയെ അനുവദിച്ചു. ഇതിനൊപ്പം ദശലക്ഷക്കണക്കിനു തൊഴിലുകളും പോയിക്കിട്ടി. ക്വാഡ് രാജ്യങ്ങള്‍ക്കും ഇതാണ് അവസ്ഥ’ – പോംപെയോ പറഞ്ഞു.
ഇന്ത്യയ്ക്കു സഖ്യകക്ഷിയായി യുഎസിനെ ആവശ്യമുണ്ടെന്നും ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയാക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നുണ്ടെന്നും ക്വാഡ് രാജ്യങ്ങളുമായി നടത്തിയ യോഗത്തെക്കുറിച്ച് പോംപെയോ വ്യക്തമാക്കി
ഇന്ത്യയുടെ വടക്ക് വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് ചൈന ഇപ്പോള്‍. ലോകം ഉണര്‍ന്ന് എണീറ്റിരിക്കുകയാണ്. തിരമാല തിരിയാന്‍ തുടങ്ങി. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സഖ്യം ഈ ഭീഷണിയെ നേരിടും’ – പോംപെയോ കൂട്ടിച്ചേര്‍ത്തു.