കാബൂളിലെ റോക്കറ്റാക്രമണം തങ്ങള്‍ക്ക് സംഭവിച്ച കൈപ്പിഴയാണെന്ന് യുഎസ്

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഓഗസ്റ്റ് 29ന് നടത്തിയ റോക്കറ്റാക്രമണം തങ്ങള്‍ക്ക് സംഭവിച്ച കൈപ്പിഴയാണെന്ന് യുഎസ്. യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തില്‍ നിഷ്‌കളങ്കരായ പത്തു പേരുടെ ജീവന്‍ പൊലിഞ്ഞതില്‍ സൈനിക ജനറല്‍ കെന്നെത്ത് മക്കന്‍സി മാപ്പുചോദിച്ചു.

സൈനിക പിന്മാറ്റത്തിന് പിന്നാലെ യുഎസ് കാബൂളില്‍ നടത്തിയ ആക്രമണത്തില്‍ സന്നദ്ധപ്രവര്‍ത്തകനടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. രണ്ടു വയസുകാരി സുമയ ഉള്‍പ്പെടെ ഏഴു കുട്ടികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തിയ ഐ എസ് – ഖൊരാസന്‍ ഭീകരര്‍ക്കുനേരെ യു.എസ്. പ്രത്യാക്രമണം നടത്തുന്നതിനിടെയായിരുന്നു സംഭവം.

ഐ.എസുമായി ബന്ധമുണ്ടെന്നു കരുതി സന്നദ്ധപ്രവര്‍ത്തകന്റെ കാര്‍ എട്ടുമണിക്കൂറോളം യു.എസ്. രഹസ്യാന്വേഷണവിഭാഗം പിന്തുടര്‍ന്നു. സ്‌ഫോടനവസ്തുക്കള്‍ ഉണ്ടെന്ന സംശയത്തിലാണ് കാര്‍ വീട്ടിലേക്ക് കയറിയപ്പോള്‍ പിന്തുടര്‍ന്ന് ആക്രമിച്ചതെന്ന് മക്കന്‍സി പറഞ്ഞു. സ്‌ഫോടനത്തിനു പിന്നില്‍ ഐ.എസ്. ആണെന്നാണ് യു.എസ്. തുടക്കത്തില്‍ പറഞ്ഞിരുന്നത്.

കാബൂള്‍ വിമാനത്താവളത്തിന് ഭീഷണി ഉയര്‍ത്തിയ ഒരു ചാവേറിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു യുഎസ് വ്യക്തമാക്കിയത്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടായിരുന്നില്ലെന്നും തെറ്റായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണമുണ്ടായതെന്നുമാണ് സമീപവാസികളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ അന്വേഷണം നടത്തുമെന്ന് അമേരിക്ക പറഞ്ഞിരുന്നു.

 

Top