ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് യുഎഇ വേദിയായേക്കും. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ താരങ്ങളോട് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ഐപിഎല്ലിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ യുഎഇയില്‍ വെച്ച് നടക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഫെബ്രുവരി 22ന് ഐപിഎല്‍ ഷെഡ്യൂളിന്റെ ആദ്യ പകുതി പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാതിരുന്നതിനാല്‍ ബിസിസിഐയ്ക്ക് അടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം ശനിയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതിന് ശേഷമായിരിക്കും ഐപിഎല്‍ രണ്ടാം പകുതിയിലെ മത്സരക്രമത്തെക്കുറിച്ച് വ്യക്തമായ ചിത്രം തെളിയുക.മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ത്രില്ലര്‍ മത്സരത്തോടെയാണ് ഐപിഎല്‍ 2024ന് തുടക്കമാവുക. ചെന്നൈയിലെ എം ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഏപ്രില്‍ എഴിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് ആദ്യ പാദത്തിലെ അവസാന മത്സരം. അതിനുശേഷം ഐപിഎല്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം യുഎഇയിലേക്ക് മാറാനാണ് സാധ്യത.
നിലവില്‍ ആദ്യ 15 ദിവസത്തെ മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും ബാക്കി മത്സരങ്ങളുടെ പട്ടിക തീരുമാനിക്കുകയെന്നും ഐപിഎല്ലിന്റെ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ അറിയിച്ചിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്ന് മാറ്റാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിന് മുന്‍പ് രണ്ട് തവണ ഐപിഎല്‍ യുഎഇയില്‍ നടന്നിട്ടുണ്ട്. 2014ലെ പൊതുതിരഞ്ഞെടുപ്പ് കാരണം ബിസിസിഐ ഐപിഎല്ലിന്റെ ആദ്യ പകുതി യുഎഇയില്‍ നടത്തിയിട്ടുണ്ട്. പിന്നീട് 2020ല്‍ ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ വര്‍ദ്ധനവ് കാരണവും ടൂര്‍ണമെന്റ് യുഎഇയില്‍ നടത്തിയിരുന്നു.