മുസ്ലീംലീഗിന്റെയും കോൺഗ്രസ്സിന്റെയും വല്ലാത്തൊരു ഗതികേടാണ് ഇപ്പോൾ കായംകുളത്ത് ദൃശ്യമായിരിക്കുന്നത്. രണ്ടു പതിറ്റാണ്ടിനുശേഷം യു.ഡി.എഫ് വിദ്യാർത്ഥി സംഘടനകൾ കായംകുളം എം.എസ്.എം കോളജ് യൂണിയൻ തിരികെപ്പിടിച്ചപ്പോൾ ആഘോഷമാക്കാൻ എത്തിയിരിക്കുന്നത് മുസ്ലീം ലീഗ് – കോൺഗ്രസ്സ് സംസ്ഥാന നേതാക്കളാണ്. പൊതു തെരഞ്ഞെടുപ്പിനെ വെല്ലുന്ന തരത്തിലായിരുന്നു ഈ ആഘോഷം നടന്നിരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുമാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത പ്രധാന നേതാക്കൾ.
കെ.പി.സി.സി അംഗം ഉൾപ്പെടെ നിരവധി കോൺഗ്രസ്സ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആലപ്പുഴ ജില്ലയിൽ യു.ഡി.എഫ് വിദ്യാർത്ഥി സംഘടനകൾക്ക് ഭരണം കിട്ടിയ ഏക കോളജാണ് ഇതെന്നതും നാം ഓർക്കണം. ഇതു കണ്ടാൽ രാഷ്ട്രീയ ബോധമുള്ളവർക്ക് പൊട്ടിച്ചിരിക്കാനല്ലാതെ മറ്റൊന്നിനും തന്നെ കഴിയുകയില്ല. ആലപ്പുഴ ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 16 കോളജുകളിൽ 15 ഉം തൂത്ത് വാരിയത് എസ്.എഫ്.ഐയാണ്.
മാത്രമല്ല കേരളത്തിലെ വിവിധ സർവ്വകലാശാലകൾക്കു കീഴിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ 90 ശതമാനത്തിൽ അധികം കാമ്പസുകളിലും വിജയിച്ചിരിക്കുന്നതും എസ്.എഫ്.ഐ ആണ്. അതും ഒറ്റയ്ക്ക്. കെ.എസ്.യു – എം.എസ്.എഫ് സംഘടനകൾ സഖ്യമായിട്ടാണ് മത്സരിച്ചിരുന്നത്. അതല്ലായിരുന്നു എങ്കിൽ കായംകുളം എം.എസ്.എം കോളജിൽ പോലും പ്രതിപക്ഷ സംഘടനകൾക്ക് ഭരണം ലഭിക്കില്ലായിരുന്നു.
എം.എൽ.എ മാരുടെ കണക്കനുസരിച്ച് കേരളം ഭരിക്കാൻ സി.പി.എമ്മിന് തൽക്കാലം ഘടക കക്ഷികളുടെ പിന്തുണ വേണമായിരിക്കും. എന്നാൽ കേരളത്തിലെ കാമ്പസുകളിൽ വിജയിക്കാൻ എസ്.എഫ്.ഐക്ക് അതിന്റെ യാതൊരു ആവശ്യവുമില്ല. അതും യു.ഡി.എഫ് നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്. കായംകുളത്തെ ഒരു വിജയത്തിൽ അഹങ്കരിക്കുന്ന യു.ഡി.എഫ് നേതാക്കൾ കെ.എസ്.യുവിന്റെയും എം.എസ്.എഫിന്റെയും അവശേഷിക്കുന്ന കോട്ടകളിൽ പോലും എസ്.എഫ്.ഐ കടന്നു കയറിയതും അറിയണം.
എം.എസ്.എഫ് പൊന്നാപുരം കോട്ടയായി കാണുന്ന മലപ്പുറത്തു തന്നെ ഈ അട്ടിമറി ദൃശ്യമാണ്. മങ്കട ഗവൺമെന്റ് കോളജിൽ എസ്.എഫ്.ഐ നേടിയ അട്ടിമറി വിജയത്തെ വലിയ സംഭവമായൊന്നും എസ്.എഫ്.ഐയും സി.പി.എമ്മും ആഘോഷിച്ചിട്ടില്ല. ഇടതുപക്ഷത്തെ സംബന്ധിച്ച് ഇതൊരു വലിയ സംഭവമായി കാണുന്നുമില്ല. എസ്.എഫ്.ഐ അതിന്റെ ചരിത്രം ആവർത്തിക്കുന്നതായി മാത്രമാണ് സി.പി.എം ഈ തിരഞ്ഞെടുപ്പ് വിജയത്തെയും വിലയിരുത്തുന്നത്.
രാഷ്ട്രീയ പാർട്ടികളുടെ വാലായി സ്വന്തം വിദ്യാർത്ഥി സംഘടനകളെ മാറ്റിയ ചരിത്രമാണ് മുസ്ലീം ലീഗിനും കോൺഗ്രസ്സിനും അവകാശപ്പെടാൻ ഉള്ളത്. അതുകൊണ്ടാണ് കേവലം ഒരു കോളജിലെ ഒറ്റപ്പെട്ട വിജയത്തെ പോലും അവർക്ക് വലിയ വിജയമായി ആഘോഷിക്കാൻ കഴിയുന്നത്. കുഞ്ഞാലിക്കുട്ടിയെ പോലുള്ള യു.ഡി.എഫ് നേതാക്കൾ കാമ്പസുകളിൽ പാഞ്ഞെത്തുന്നതു പോലും പരിഹാസ്യമായ കാര്യമാണ്. വിദ്യാർത്ഥി സംഘടനകളെ സ്വതന്ത്രമായി ചിന്തിക്കാൻ പോലും വിടാത്ത ഇത്തരം നിലപാടുകളാണ് കെ.എസ്.യുവിന്റെ തകർച്ചയുടെ പ്രധാന കാരണം. എം.എസ്.എഫ് നിലവിൽ നേരിടുന്നതും സമാനമായ വെല്ലുവിളിയാണ്.
കേരളത്തിലെ കാമ്പസുകളിൽ അന്നും ഇന്നും സമ്പൂർണ്ണ ആധിപത്യം പുലർത്തുന്ന സംഘടനയാണ് എസ്.എഫ് ഐ. സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലാ യൂണിയനുകളും എസ്.എഫ് ഐ ഭരിക്കുന്നത് വലിയ ഭൂരിപക്ഷത്തിനാണ്. സ്കൂളുകളിൽ തുടങ്ങി വിവിധ കോളജുകൾ, പോളിടെകനിക്കുകൾ, ഐ.ടി.ഐ തുടങ്ങി സകല മേഖലകളിലും വിപ്ലവ വിദ്യാർത്ഥി സംഘടനയുടെ ഈ ആധിപത്യം പ്രകടമാണ്. കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷനായതു കൊണ്ടോ കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങിയതു കൊണ്ടോ തകർത്തു കളയാൻ കഴിയുന്ന ശക്തിയല്ല അത്.
വിദ്യാർത്ഥികൾക്കു വേണ്ടി അവരുടെ സംരക്ഷണത്തിനായി കാമ്പസുകളിലും തെരുവുകളിലും ചോര ചിതറിയ പോരാട്ടം നയിച്ചതിന്റെ ഫലമായാണ് എസ്.എഫ്.ഐയുടെ ഈ വിജയ ചരിത്രം. ഈ പോരാട്ടത്തിനിടയിൽ എസ്.എഫ്.ഐക്ക് നഷ്ടപ്പെട്ട അത്രയും പ്രവർത്തകർ മറ്റൊരു വിദ്യാർത്ഥി സംഘടനയ്ക്കും രാജ്യത്ത് നഷ്ടപ്പെട്ടിട്ടുമില്ല. ത്യാഗ നിർഭരമായ എസ്.എഫ്.ഐയുടെ ആ ചരിത്രമാണ് മറ്റു സംഘടനകളിൽ നിന്നും എസ് എഫ് ഐയെ വ്യത്യസ്തമാക്കുന്നത്. വിദ്യാർത്ഥികൾക്കു മാത്രമല്ല പൊതു സമൂഹത്തെ സംബന്ധിച്ചും ഇന്ന് എസ്. എഫ് ഐ വലിയ ആവേശമാണ്. അങ്ങനെ ‘ഒരിടം’ രാഷ്ട്രീയ കേരളത്തിൽ ഉള്ളടത്തോളം കാലം എസ്.എഫ്.ഐക്ക് ബദലാവാൻ മറ്റൊരു സംഘടനയ്ക്കും കഴിയുകയുമില്ല. ‘ബദൽ’ പോയിട്ട് ഒരു എതിരാളി പോലുമാകാൻ കഴിഞ്ഞ കാമ്പസ് തിരഞ്ഞെടുപ്പുകളിലൊന്നും പ്രതിപക്ഷ സംഘടനകൾക്ക് കഴിഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പ് നടന്ന മൊത്തം കോളജുകളിലെ കണക്കുകൾ പരിശോധിച്ചാൽ സാക്ഷാൽ രാഹുൽ ഗാന്ധി പോലും ശരിക്കും നാണംകെട്ടുപോകും. അത്രയ്ക്കും ദയനീയമായ തോൽവിയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. എസ്.എഫ്.ഐയും മറ്റു വിദ്യാർത്ഥി സംഘടനകളും തമ്മിലുള്ള ദൂരം ഇപ്പോൾ വളരെ വളരെ കൂടുതലാണ്. കായംകുളത്തെ ഒറ്റപ്പെട്ട ഒരു വിജയത്തിലൂടെ പ്രതിപക്ഷ സംഘടനകൾക്ക് നികത്താൻ പറ്റുന്ന ദൂരമൊന്നുമല്ല അത്. കോളജിലേക്ക് പറന്ന കുഞ്ഞാലിക്കുട്ടിമാർ ഈ യാഥാർത്ഥ്യമാണ് തിരിച്ചറിയേണ്ടത്….
EXPRESS KERALA VIEW