തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് യു.ഡി.എഫില്‍ ഇടഞ്ഞു നില്‍ക്കുന്ന ഘടകകക്ഷികളെ അനുനയിപ്പിക്കുന്നതിനായി ഇന്നലെ നടന്ന മുന്നണി നേതൃയോഗം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ബഹിഷ്‌കരിച്ചതിന് പിന്നാലെ ആഗസ്റ്റ് നാലിന് ചേരാനിരുന്ന യു.ഡി.എഫ് യോഗം മാറ്റി.
പത്താം തീയതിലേക്കാണ് യോഗം മാറ്റിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ്(എം)ന്റെ ചരല്‍ക്കുന്നത്ത് നടക്കുന്ന ക്യാമ്പിനു ശേഷം മാത്രമെ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുകയുള്ളൂ എന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി നിലപാട് എടുത്തതോടെയാണ് യു.ഡി.എഫ് യോഗം മാറ്റിയത്.
മാണിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് യോഗം മാറ്റിയതെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.
ആഗസ്റ്റ് 6,7 തീയതികളിലാണ് കേരളാ കോണ്‍ഗ്രസിന്റെ യോഗം. നാലാം തീയതി യു.ഡി.എഫ് യോഗം കൂടാതെ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ അസൗകര്യം കൊണ്ടാണെന്ന് മാണി ഇന്ന് കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യു.ഡി.എഫ് ആരും ബഹിഷ്‌കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത യോഗത്തില്‍ സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കും. അക്കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും മാണി വ്യക്തമാക്കി. മുന്നണിയില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ കുടുക്കാനായി ബാര്‍ കോഴക്കേസിന് പിന്നില്‍ കളിച്ചത് കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളാണെന്ന തങ്ങളുടെ ആരോപണം അത്ര പെട്ടെന്ന് വിഴുങ്ങാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് യു.ഡി.എഫ് നേതൃയോഗം ബഹിഷ്‌കരിച്ചതിലൂടെ മാണിയും പാര്‍ട്ടിയും നല്‍കുന്നത്.