യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മെസിയും ഹാരി കെയ്‌നും ഇന്ന് നേര്‍ക്ക് നേര്‍

messi

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് മുന്‍നിര ടീമുകള്‍ ഏറ്റുമുട്ടും. ബാഴ്‌സലോണ ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തെ നേരിടുമ്പോള്‍ ലിവര്‍പൂള്‍, ഇന്റര്‍ മിലാന്‍ ടീമുകളും രണ്ടാം മത്സരത്തിനിറങ്ങും.

ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന പോരില്‍ ലിയോണല്‍ മെസിയുടെയും ഹാരി കെയ്ന്റയും നേര്‍ക്കുനേര്‍ പോരാട്ടമാവും ശ്രദ്ധേയം. സ്പാനിഷ് ലീഗിലെ തിരിച്ചടിയില്‍ നിന്ന് കരകയറാനൊരുങ്ങുന്ന ബാഴ്‌സയ്ക്ക് സെര്‍ജിയോ റോബര്‍ട്ടോ, സാമുവല്‍ ഉംറ്റിറ്റി എന്നിവരുടെ പരിക്ക് തിരിച്ചടിയാവും. ബാഴ്‌സ ആദ്യകളിയില്‍ മെസിയുടെ ഹാട്രിക് കരുത്തില്‍ പി എസ് വിയെ തോല്‍പിച്ചിരുന്നു.

ഇന്റര്‍ മിലാനോട് തോറ്റ ടോട്ടനത്തിന് ഇന്നത്തെ പോരാട്ടം നിര്‍ണായകം. ഗോളി ഹ്യൂഗോ ലോറിസും പ്ലേമേക്കര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണും ഇന്ന് കളിയില്‍ പങ്കെടുക്കും.

തകര്‍പ്പന്‍ ഫോമില്‍ കുതിക്കുന്ന ലിവര്‍പൂളിന് ഇറ്റാലിയന്‍ ക്ലബായ നാപ്പോളിയാണ് എതിരാളി. മുഹമ്മദ് സലാ, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനേത്രയമാണ് ലിവര്‍പൂളിന്റെ കരുത്ത്.

അന്റോയ്ന്‍ ഗ്രീസ്മാന്റെ അത്‌ലറ്റിക്കോ മാഡ്രിഡിന് ക്ലബ് ബ്രൂഗെയാണ് എതിരാളി. ഫ്രഞ്ച് ലീഗില്‍ മുന്നേറ്റം തുടരുന്ന പി എസ് ജി, റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നേരിടും. നെയ്മര്‍, എംബാപ്പേ, കവാനി, ഡിമരിയ എന്നിവര്‍ അണിനിരക്കുന്ന പി എസ്ജിയെ പിടിച്ചുകെട്ടുക റെഡ്സ്റ്റാറിന് എളുപ്പമാവില്ല. മറ്റ് മത്സരങ്ങളില്‍ ഷാല്‍ക്കേ ലോക്കോമോട്ടീവ് മോസ്‌കോയെയും, പോര്‍ട്ടോ ഗളറ്റസരേയും മൊണാക്കോ ഡോര്‍ട്ടമുണ്ടിനെയും നേരിടും.

Top