ജെഎന്‍യു,ബിഎച്ച്‌യു അടക്കം 62 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കി

ugc

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ എന്‍ യു), ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (ബി എച്ച് യു) അടക്കം 62 ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് യു.ജി.സി സ്വയംഭരണാവകാശം നല്‍കി. അലിഗഢ് മുസ്‌ളിം യൂണിവേഴ്‌സിറ്റി (എ.എം.യു), ഡല്‍ഹിയിലെ ടെറി (ടി.ഇ.ആര്‍.ഐ), യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് എന്നിവയാണ് സ്വയംഭരണം ലഭിച്ച മറ്റു പ്രധാന സര്‍വകലാശാലകള്‍.

അഞ്ച് കേന്ദ്ര സര്‍വകലാശാലകള്‍ക്കും 21 സംസ്ഥാന സര്‍വകലാശാലകള്‍, 26 സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയ്ക്കും 10 കോളേജുകള്‍ക്കുമാണ് ഇന്നലെ ചേര്‍ന്ന യു.ജി.സി യോഗം സ്വയംഭരണാവകാശം നല്‍കിയത്. ഇത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയതിനെ ചരിത്രപരം എന്നാണ് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ വിശേഷിപ്പിച്ചത്. ലോകത്തെ മികച്ച നൂറ് യൂണിവേഴ്‌സിറ്റികളുമായി ഇവയ്ക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

സ്വയംഭരണാവകാശം ലഭിച്ചതോടെ അവിടങ്ങളിലെ പ്രവേശന നടപടികളും ഫീസ്, കരിക്കുലം തുടങ്ങിയവയൊക്കെ അതാത് സ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാം. ഇത് കൂടാതെ പുതിയ കോഴ്‌സുകള്‍, പുതിയ വകുപ്പുകള്‍, ഓഫ് ക്യാമ്പസുകള്‍, വൈദഗ്ദ്ധ്യ കോഴ്‌സുകള്‍, ഗവേഷണ പാര്‍ക്കുകള്‍, വിദേശ ഫാക്കല്‍റ്റി നിയമനം, ഓണ്‍ലൈന്‍ വഴിയുള്ള വിദൂര പഠനം എന്നിവയും സ്ഥാപനങ്ങള്‍ക്ക് നേരിട്ട് നടത്താം.

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി, ആന്ധ്രാ യൂണിവേഴ്‌സിറ്റി, അളഗപ്പ യൂണിവേഴ്‌സിറ്റി, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോ, ഉത്കല്‍ യൂണിവേഴ്‌സിറ്റി, കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, ഒസ്മാനിയ യൂണിവേഴ്‌സിറ്റി, ഗുരു നാനാക്ക് ദേവ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു, യൂണിവേഴ്‌സിറ്റി ഓഫ് മൈസൂര്‍, അണ്ണാ യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ് തുടങ്ങിയവയാണ് സ്വയംഭരണാവകാശം ലഭിച്ച സംസ്ഥാന സര്‍വകലാശാലകള്‍.

Top