ഓഫ് റോഡിനും, ഓണ്‍ റോഡിലും ഉപയോഗിക്കാവുന്ന പുതിയ മോഡല്‍ സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് തായ്വാന്‍ കമ്പനി. ക്രോസ് ഓവര്‍ എന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് തായ്വാനിലെ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഗൊഗോറോ രംഗത്തിറങ്ങിയിരിക്കുന്നത്. കമ്പനി ഇതിനെ അള്‍ട്ടിമേറ്റ് ടൂവീലര്‍ എസ്.യു.വി എന്നാണ് വിളിക്കുന്നത്. ഈ ക്രോസ്ഓവര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ ഒരു പുതിയ പ്ലാറ്റ്ഫോമിന് ചുറ്റുമാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ഗൊഗോറോ പറയുന്നു.
വൈവിധ്യമാര്‍ന്ന സ്റ്റോറേജ് സ്‌പേസും റൈഡിംഗ് കഴിവുകളും വാഗ്ദാനം ചെയ്യുകയും ഏത് തരം റോഡുകളെയും നേരിടാനും വാഹനത്തിന് കഴിയും. ഈ ഓഫ്-റോഡ് സ്‌കൂട്ടറിന് 7.6 kW ഇലക്ട്രിക് മോട്ടോറില്‍ നിന്നാണ് പവര്‍ ലഭിക്കുന്നത്. മൊത്തത്തിലുള്ള റൈഡിംഗ് റേഞ്ചും ചാര്‍ജിംഗ് സമയവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബ്രേക്കിംഗ് സിസ്റ്റം, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്ക്, പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബര്‍ സെറ്റപ്പ് എന്നിവയെല്ലാമാണ് അഡ്വഞ്ചര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകത. മാക്സിസ് ഡ്യുവല്‍ പര്‍പ്പസ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് വാഹനം നിരത്തില്‍ എത്തുന്നത്.
ഗൊഗോറോ ഓഫ്-റോഡര്‍ ഇലക്ട്രിക് എസ്.യു.വി സ്‌കൂട്ടറിന് ഡാഷ്ബോര്‍ഡില്‍ എല്ലാത്തരം കണക്റ്റിവിറ്റി സവിശേഷതകളും ലഭിക്കുന്ന കളര്‍ ഡിസ്‌പ്ലേയാണ് തായ്വാന്‍ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എല്ലാ റൈഡ് ഡാറ്റയും ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്പുമുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ ഓപ്ഷണലായും കമ്പനി ഒരുക്കിയിട്ടുണ്ട്.
നിലവില്‍ ഗൊഗോറോയുടെ ജന്‍മനാടായ തായ്വാനില്‍ മാത്രമായിരിക്കും ഈ സ്‌കൂട്ടര്‍ വില്‍ക്കുക. ഗോഗോറോയ്ക്ക് ഇന്ത്യയില്‍ സാന്നിധ്യമുണ്ടെങ്കിലും ഇതുവരെ അതിന്റെ പൂര്‍ണ ശേഷിയോടെ ബിസിനസ് ആരംഭിച്ചിട്ടില്ല.