ഇസ്രയേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ പ്രമേയം അപകീര്‍ത്തികരമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.
അതേസമയം, ഗാസയില്‍ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേല്‍. അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നിടത്താണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്. ഗാസയിലെ അല്‍ ഷിഫ, ഇന്തോനേഷ്യ ആശുപത്രികള്‍ക്ക് സമീപവും ബ്രീജിലെ അഭയാര്‍ത്ഥി ക്യാമ്പിന് സമീപവും ഇസ്രയേല്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കരമാര്‍ഗമുള്ള ആക്രമണം ഇന്നലെ രാത്രി മുതല്‍ തുടങ്ങുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനുപിന്നാലെ ഗാസയില്‍ ടാങ്കുകള്‍ ഉള്‍പ്പെടെ വിന്യസിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയിലെ വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായും തകര്‍ന്നു. മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായി തകര്‍ന്നു എന്ന് മൊബൈല്‍ സര്‍വീസ് കമ്പനി സ്ഥിരീകരിച്ചു. ഇന്റര്‍നെറ്റ് ബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചതായി ഹമാസും ആരോപിച്ചു. വാര്‍ത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ഉള്‍പ്പെടെ ആശുപത്രിയില്‍ എത്തിക്കാന്‍ ആകാത്ത സാഹചര്യമാണ്.