ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് കുഞ്ഞുങ്ങള്‍ക്ക് എതിരെയുള്ള യുദ്ധമാണെന്ന് യു എന്‍ അഭയാര്‍ഥി ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാറിനി. ഇത് കുഞ്ഞുങ്ങള്‍ക്കെതിരായ യുദ്ധമാണ്. അവരുടെ ബാല്യത്തിനും ഭാവിക്കുമെതിരായ യുദ്ധം. പുറത്തു വരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. കഴിഞ്ഞ നാലു വര്‍ഷം ലോകമാകെ നടന്ന മറ്റ് യുദ്ധങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 31,184 പലസ്തീനികള്‍ കൊല്ലപ്പെടുകയും 72,889 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടത് 1,139 പേരാണ്. ഡസന്‍ കണക്കിന് ആളുകള്‍ ബന്ദികളായി തുടരുകയാണ്.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 12,300 കുട്ടികള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇനിയെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്നും കുട്ടികളുടെ ജീവനുവേണ്ടിയെങ്കിലും വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാക്കണമെന്നും ഫിലിപ്പ് ലസാറിനി ആവശ്യപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ലോകമാകെ നടന്ന മറ്റ് യുദ്ധങ്ങളില്‍ 12,193 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.