യുക്രൈയ്നില്‍ 43 ലക്ഷം കുട്ടികള്‍ കുടിയിറക്കപ്പെട്ടെന്ന് യുഎന്‍

ജനീവ: റഷ്യയുടെ സൈനിക നടപടി തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍ യുക്രെയ്നില്‍ പകുതിയോളം കുട്ടികളും കുടിയിറക്കപ്പെട്ടെന്ന് യുഎന്‍. യുക്രെയ്നിലെ 75 ലക്ഷം കുട്ടികളില്‍ 43 ലക്ഷം പേര്‍ക്കും അവരവരുടെ വീടുവിട്ട് പോകേണ്ടിവന്നുവെന്ന് യുനിസെഫ് അറിയിച്ചു. സൈനിക നടപടി ആരംഭിച്ചശേഷം 18 ലക്ഷം കുട്ടികള്‍ അഭയാര്‍ഥികളായി. 25 ലക്ഷം പേര്‍ വീട് നഷ്ടപ്പെട്ട് യുക്രെയ്നില്‍ തുടരുകയാണ്.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ (യുഎന്‍എച്ച്ആര്‍സി) കണക്കുപ്രകാരം 81 കുട്ടികള്‍ യുക്രെയ്നില്‍ കൊല്ലപ്പെട്ടു. 108 പേര്‍ക്കു പരിക്കേറ്റു. എന്നാല്‍, ശരിയായ കണക്കുകള്‍ ഇതിലും കൂടുമെന്നും യുഎന്‍എച്ച്ആര്‍സി അറിയിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം കുട്ടികള്‍ കുടിയിറക്കപ്പെടാന്‍ റഷ്യ– യുക്രെയ്ന്‍ യുദ്ധം കാരണമായെന്ന് യുനിസെഫ് മേധാവി കാതറിന്‍ റസ്സല്‍ പറഞ്ഞു.

തലമുറകളോളം ഇതിന്റെ പ്രത്യാഘാതം നിലനില്‍ക്കും. സംഘര്‍ഷം തുടരുന്നതിനാല്‍ കുട്ടികളുടെ സുരക്ഷയും ക്ഷേമവും അടിസ്ഥാനസേവനങ്ങളുടെ ലഭ്യതയും ഭീഷണിയിലാണെന്നും അവര്‍ പറഞ്ഞു.

കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് നാറ്റോ കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിക്കാന്‍ തീരുമാനിച്ച് നാറ്റോ. ബ്രസല്‍സില്‍ ചേര്‍ന്ന അടിയന്തര ഉച്ചകോടിയിലാണ് തീരുമാനം. യുക്രെയ്നിലെ സൈനിക നടപടി അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ലക്ഷ്യമിട്ട് മൂന്ന് ഉച്ചകോടിയാണ് നാറ്റോ നടത്തുന്നത്. യുദ്ധം യൂറോപ്പിലും ലോകത്താകമാനവും സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതോടെയാണിത്. സ്ലോവാക്യ, ഹംഗറി, ബള്‍ഗേറിയ, റൊമാനിയ എന്നിവിടങ്ങളിലേക്ക് സൈന്യത്തിന്റെ നാല് സംഘത്തെ അയക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബര്‍ഗ് പറഞ്ഞു. യുക്രെയ്നില്‍ 7000 മുതല്‍ 15000 വരെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് നാറ്റോ അവകാശപ്പെട്ടിരുന്നു.

 

 

Top