ഏകീകൃത സിവില്‍ കോഡ് ഏതെങ്കിലും സമുദായത്തിന് എതിരല്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുസ്ലിം വിഭാഗത്തിന് എതിരല്ലെങ്കിലും അവരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തനങ്ങള്‍. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടില്‍ നിന്നും സിപിഐഎമ്മും കോണ്‍ഗ്രസും പിന്മാറണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് പ്രചരിപ്പിക്കാന്‍ ബിജെപി പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. യുഡിഎഫും എല്‍ഡിഎഫും മത ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ തെറ്റിദ്ധാരണ പരത്തുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്.

കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ദേശീയ നേതൃത്വവുമാണ്. ഏകീകൃത സിവില്‍ കോഡ് വേണമെന്ന് ശക്തമായി വാദിച്ച പാര്‍ട്ടിയാണ് സിപിഐഎം. വര്‍ഗീയശക്തികളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് സിപിഐഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. മുത്തലാക്കിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മുസ്ലിം സഹോദരങ്ങള്‍ കേരളത്തിലുണ്ട് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top