ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി.
ഇലക്ടോണിക് തപാല്‍ ബാലറ്റിനുള്ള നിര്‍ദേശമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് സൂചന. ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ ഒരു കോടിയോളം വരുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ എത്താതെ തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയും.
2014 ഒക്ടോബറിലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പച്ചക്കൊടി കാട്ടിയത്. പ്രവാസികള്‍ക്ക് പ്രോക്സി വോട്ട് അനുവദിക്കാനും കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിരുന്നു. എങ്ങനെയാണ് പ്രവാസികളുടെ വോട്ടവകാശം നടപ്പാക്കാന്‍ പോകുന്നതെന്ന് എത്രയും വേഗം തീരുമാനിക്കണമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വേളയിലാണ് പ്രവാസി വോട്ട് വിഷയം വീണ്ടും സജീവമായി ഉയര്‍ന്നുവന്നത്. പ്രവാസി വ്യവസായി ഡോ. ഷംഷീര്‍ വയലില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും, പ്രവാസി വോട്ട് അവകാശം അനുവദിക്കണമെന്ന വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഏത് രീതിയില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം സാദ്ധ്യമാക്കും എന്നതിലെ അനിശ്ചിതത്വങ്ങള്‍ കാരണം തുടര്‍ നടപടികള്‍ നീണ്ടുപോകുകയായിരുന്നു.