ന്യൂഡല്‍ഹി: അടുത്ത നാല് വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ആറ് കോടിയുടെ ആസ്തികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. സര്‍ക്കാര്‍ സ്വത്തുകള്‍ സ്വകാര്യവല്‍ക്കരിക്കുന്ന ദേശീയ നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ അനാവരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്ന ആസ്തികളാണ് വിറ്റഴിക്കുകയെന്നും എന്നാല്‍ ഇവയുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് നയം അനുസരിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത നയം അനുസരിച്ച് സര്‍ക്കാര്‍ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം. 2022 ല്‍ ആരംഭിച്ച് 2025 ല്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയാറാക്കിയിരിക്കുന്നത്.
നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്റെ ഭാഗമായി റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക. മികച്ച രീതിയില്‍ ലാഭമുണ്ടാക്കാത്ത മേഖലകള്‍ സ്വകാര്യവത്കരിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ സ്വകാര്യവത്കരിച്ചാല്‍ മേഖലയിലെ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കുള്ള ഫണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിക്കുമെന്ന് അവര്‍ പറഞ്ഞു. സ്വകാര്യവത്കരണം വഴി സ്വത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന് നഷ്ടമാകില്ലെന്നും സ്വകാര്യ വ്യക്തികള്‍ നിശ്ചിത കാലയളവിന് ശേഷം ഈ സ്വത്തുക്കള്‍ സര്‍ക്കാരിന് തിരികെ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.