ഒത്തൊരുമിച്ച പ്രവർത്തനം, കർണ്ണാടകയിൽ കോൺഗ്രസ്സിനു തുണയായി, കേരള നേതാക്കൾ കണ്ടു പഠിക്കണം

ഴിമതിയിൽ മുങ്ങിയ കർണ്ണാടകയിൽ കോൺഗ്രസ്സ് ഇപ്പോൾ നടത്തിയിരിക്കുന്നത് വമ്പൻ തിരിച്ചു വരവാണ്. 137 സീറ്റുകളിലാണ് കോൺഗ്രസ്സ് വിജയം നേടിയിരിക്കുന്നത്. ബി.ജെ.പി 65 സീറ്റിലും ജെ.ഡി.എസ് 19 സീറ്റിലുമാണ് വിജയിച്ചിരിക്കുന്നത്. ന്യൂനപക്ഷ വോട്ട് കേന്ദ്രീകരണവും ജാതി ശക്തികളുടെ പിന്തുണയും കോൺഗ്രസ്സിനെയാണ് തുണച്ചിരിക്കുന്നത്. അവരുടെ വോട്ടിങ് ശതമാനത്തിലെ വർദ്ധനവിൽ, അത് പ്രകടവുമാണ്. ഹിജാബ്, ബജരംഗ് ദൾ വിവാദങ്ങൾ യഥാർത്ഥത്തിൽ തുണച്ചിരിക്കുന്നത് കോൺഗ്രസ്സിനെയാണ്. ദേശീയ തലത്തിൽ തന്നെ വലിയ ജീവവായുവാണ് കോൺഗ്രസ്സിന് കർണ്ണാടക ഫലം നൽകിയിരിക്കുന്നത്. അക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് ആശ്വസിക്കാം.

മോദി തമ്പടിച്ച കർണ്ണാടകത്തിൽ മോദിയെ പ്രതിരോധിക്കേണ്ട ദൗത്യമാണ് രാഹുൽഗാന്ധി ഏറ്റെടുത്തിരുന്നത്. അത് ഫലപ്രദമായി നടത്തി എന്നതിൽ അദ്ദേഹത്തിനും തൽക്കാലം ആശ്വസിക്കാം. ബി.ജെ.പിയെ ഞെട്ടിച്ച മുന്നേറ്റത്തിന് കോൺഗ്രസ്സിനെ പ്രാപ്തമാക്കിയത് കർണ്ണാടകയിലെ അവരുടെ സംഘടനാ സംവിധാനമാണ്. രാജ്യത്ത് തന്നെ ഏറ്റവും ശക്തമായ സംഘടനാസംവിധാനം കോൺഗ്രസ്സിനുള്ളത് കർണ്ണാടകയിലാണ്. ആ സംഘടനാ ശക്തി കൂടി ബി.ജെ.പിയെ പ്രതിരോധിക്കാൻ അവരെ സഹായിച്ചിട്ടുണ്ട്. കേരളത്തിലെ ഉൾപ്പെടെ കോൺഗ്രസ്സ് ഘടകങ്ങൾ കണ്ടു പഠിക്കേണ്ട മാതൃകയാണത്.

20-ൽ 19 എം.പിമാരുള്ള കേരളത്തിൽ ഇപ്പോഴും കോൺഗ്രസ്സിന്റെ അടിത്തറ ദുർബലമാണ്. സിദ്ധരാമയ്യയെ പോലെ ജനകീയനായ ഒരു നേതാവ് പോലും കേരളത്തിലെ കോൺഗ്രസ്സിൽ ഇല്ല. അങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയുമായിരുന്ന വി.എം സുധീരൻ, ശശി തരൂർ, കെ മുരളീധരൻ എന്നിവരാകട്ടെ നിലവിൽ ഒറ്റപ്പെട്ട അവസ്ഥയിലുമാണ്. കർണ്ണാടകയിലെ കോൺഗ്രസ്സിന്റെ ഈ വിജയത്തിന്റെ പ്രധാന ശിൽപ്പികൾ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെ.പി.സി.സി അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറുമാണ്. ഇവരെ ഒത്തൊരുമിച്ച് കൊണ്ടു പോകാൻ കഴിഞ്ഞതും രാഹുൽ ഗാന്ധിയുടെ നേട്ടമാണ്. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു നടന്ന അഭിപ്രായ സർവേകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ജനങ്ങൾ പിന്തുണച്ചിരുന്നത് സിദ്ധരാമയ്യയെ ആണ്.

പാർട്ടിയുടെ സംഘടനാ രംഗത്താണ് ഡി.കെ ശിവകുമാർ കരുത്ത് കാട്ടിയിരിക്കുന്നത്. ഇവർ ഇരുവരും ഒത്തൊരുമിച്ച് നിന്നാൽ കർണ്ണാടകയിൽ കോൺഗ്രസ്സിന്റെ നില ഭദ്രമാണ്. എന്നാൽ അധികാര മോഹത്താൽ പരസ്പരം പോരടിക്കുകയാണെങ്കിൽ ഇനിയും ചിത്രം മാറും. കാര്യങ്ങൾ വീണ്ടും ബി.ജെ.പിക്ക് അനുകൂലമാകും. കേന്ദ്ര ഏജൻസികൾ കയ്യിലുള്ള ബി.ജെ.പിയെ കോൺഗ്രസ്സ് ശരിക്കും ഭയക്കേണ്ടതുണ്ട്. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രീയ അട്ടിമറി നടത്തുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമാണ്. മധ്യപ്രദേശ് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും അതവർ കാണിച്ചു തന്നിട്ടുമുണ്ട്. അതുകൊണ്ട് കർണ്ണാടകയിൽ ഓപ്പറേഷൻ താമര അവസാനിച്ചു എന്ന് പറയാറായിട്ടില്ല.

ഒരു കേഡർ പാർട്ടി അല്ല എന്നതാണ് കോൺഗ്രസ്സ് നേരിടുന്ന പ്രധാന വെല്ലുവിളി. പാർട്ടിയേക്കാൾ വ്യക്തിപരമായ താൽപ്പര്യമാണ് കോൺഗ്രസ്സ് ജനപ്രതിനിധികളെ നയിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിക്കു ലഭിച്ചിരുന്ന 104-ൽ നിന്നും 118 ലേക്ക് അംഗസംഖ്യ ഉയർത്താനും അധികാരം പിടിക്കാനും ബി.ജെ.പിക്ക് സഹായകരമായിരുന്നത് കോൺഗ്രസ്സിന്റെയും ജെ.ഡി.എസിന്റെയും എം.എൽ എമാരെ പിളർത്തിയതു കൊണ്ടാണ്. ആ ചരിത്രം ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടത് കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്. അതല്ലങ്കിൽ എത്ര മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നാലും അട്ടിമറി സാധ്യത കോൺഗ്രസ്സിനു മുകളിൽ തൂങ്ങി നിൽക്കുക തന്നെ ചെയ്യും.

കോൺഗ്രസ്സിലെ ഡി.കെ ശിവകുമാർ – സിദ്ധരാമയ്യ വിഭാഗങ്ങൾ തമ്മിൽ അധികം താമസിയാതെ ഭിന്നിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ബി.ജെ.പി നേതൃത്വം മുന്നോട്ടു പോകുന്നത്. കോൺഗ്രസ്സിൽ മാത്രമല്ല ജെ.ഡി.എസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഭയക്കുന്ന നിരവധി ജനപ്രതിനിധികളുണ്ട്. ഈ ഭയം തന്നെയാണ് കർണ്ണാടകയിലെ തിരിച്ചടികൾക്കിടയിലും ഭാവിയിലെ ബി.ജെ.പിയുടെ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ കാണാം എന്ന് ബി.ജെ.പി പറഞ്ഞു കഴിഞ്ഞു. അതായത് ഇപ്പോഴത്തെ തോൽവി കൊണ്ട് അടങ്ങിയിരിക്കാൻ അവർ തയ്യാറല്ലെന്നതു വ്യക്തം.

EXPRESS KERALA VIEW

Top