സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്കിന് പൂട്ടിടാനുള്ള ബില്‍ പാസാക്കിയിരിക്കുകയാണ് അമേരിക്ക

സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പൂട്ടിടാനുള്ള ബില്‍ പാസാക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രതിനിധി സഭ. ‘പ്രൊട്ടക്റ്റിങ് അമേരിക്കന്‍സ് ഫ്രം ഫോറിന്‍ അഡ്വേഴ്‌സറി കണ്‍ട്രോള്‍ഡ് ആപ്ലിക്കേഷന്‍സ് ആക്ട്’ എന്ന ബില്‍ ബുധനാഴ്ച പാസായതോടെ ടിക് ടോക്കിന്റെ കാര്യം അമേരിക്കയില്‍ പരുങ്ങലിലായിരിക്കുകയാണ്.ബീജിങ് ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് കമ്പനിയാണ് ടിക് ടോക്കിന്റെ മാതൃസ്ഥാപനം. അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ടിക് ടോക്കിലൂടെ ചൈന കടന്നുകയറുന്നുവെന്നും രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ആണെന്നും മുന്‍പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലുകള്‍ അമേരിക്കന്‍ നിയമനിര്‍മാണ സഭയിലെത്തിയിരുന്നു. എന്നാല്‍ പലപ്പോഴും നീണ്ട ചര്‍ച്ചകള്‍ അന്തിമ തീര്‍പ്പിലെത്താതെ പോകുകയായിരുന്നു.

നിയമം പ്രാബല്യത്തില്‍ വന്ന ശേഷവും ടിക് ടോക് ഉപയോഗിക്കാന്‍ അനുവദിക്കുന്ന ആപ്പ് സ്റ്റോര്‍ പ്ലാറ്റ്ഫോമുകള്‍ക്ക് വലിയ പിഴ ചുമത്താനും ബില്‍ നിഷ്‌കര്‍ഷിക്കുന്നു. എത്രപേര്‍ ആപ് ഉപയോഗിക്കുന്നുണ്ടോ അതനുസരിച്ചാകും പിഴ, ഒരാള്‍ക്ക് 5000 ഡോളര്‍ എന്ന തോതിലാണ് നിലവില്‍ പിഴ നിശ്ചയിച്ചിരിക്കുന്നത്. അറുപത്തിയഞ്ചിനെതിരെ 352 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ ബില്‍ പാസാക്കിയത്.നിലവില്‍ പാസാക്കിയിരിക്കുന്ന ബില്‍ പ്രകാരം, ബൈറ്റ്ഡാന്‍സ് അവരുടെ ഓഹരികള്‍ വില്‍ക്കുകയോ അല്ലെങ്കില്‍ ടിക് ടോക് സമ്പൂര്‍ണ നിരോധനം നേരിടുകയോ ചെയ്യേണ്ടി വരും. അമേരിക്കന്‍ സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനത്തെ കണ്ടെത്താന്‍ ബൈറ്റ് ഡാന്‍സിന് ആറ് മാസത്തെ സമയമാണ് ബില്‍ അനുവദിക്കുന്നത്. അതിനുകഴിഞ്ഞില്ലെങ്കില്‍ ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തനം സാധ്യമാകില്ല. അമേരിക്കന്‍ ആപ്പ് സ്റ്റോറുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ സാധിക്കില്ല.

നേരത്തെ 2020ല്‍ ഇന്ത്യ ടിക് ടോക് നിരോധിച്ചിരുന്നു. അമേരിക്കയോട് സമാനമായ കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ നടപടി. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ന്യൂസിലന്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ എക്സിക്യൂട്ടീവ് വിഭാഗം എന്നിവരുള്‍പ്പെടെ ടിക് ടോക്കിനെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നതിനെ വിലക്കുകയും ചെയ്തിട്ടുണ്ട്.

Top