ഗാസയില്‍ സഹായമെത്തിക്കുന്നതിനായി താത്കാലിക തുറമുഖം നിര്‍മിക്കാനൊരുങ്ങി അമേരിക്ക

യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയില്‍ സഹായമെത്തിക്കുന്നതിനായി താത്കാലിക തുറമുഖം നിര്‍മിക്കാനൊരുങ്ങി അമേരിക്ക. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന. ആറാം മാസത്തിലേക്ക് കടക്കുന്ന ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാസയിലെ ഭൂരിഭാഗം ജനങ്ങളും മുഴുപട്ടിണിയിലാണ്. അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്നടിഞ്ഞ അവിടേക്കു സൗജന്യഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎന്‍ ഏജന്‍സികളെ ഇസ്രയേല്‍ സൈന്യം തടയുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടിയുമായി അമേരിക്ക രംഗത്തെത്തുന്നത്. വരാനിരിക്കുന്ന സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ബൈഡന്‍ നടത്തുമെന്നാണ് അന്താരാഷ്ട്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഗാസയില്‍ 23 ലക്ഷത്തോളം പേര്‍ പട്ടിണിയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഗാസയുടെ തീരത്ത് താല്‍ക്കാലികമായൊരു ഒരു ബോട്ട് ജെട്ടി നിര്‍മ്മിക്കുകയാണ് അമേരിക്കന്‍ സൈനിക എഞ്ചിനീയര്‍മാരുടെ പദ്ധതി, ഒപ്പം ലാര്‍നാക്കയില്‍ നിന്നുള്ള കപ്പലുകളില്‍ നിന്ന് ഭക്ഷ്യസഹായം ഈ തുറമുഖത്തില്‍ ഇറക്കാനും ശേഷം ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ഒരു ഹൈവെയും ഈ പദ്ധതിയുടെ ഭാഗമാണ്. ഗാസയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്കാണ് ജനങ്ങള്‍ പലായനം ചെയ്തത്, എല്ലാവരിലേക്കും ഈ സഹായം എങ്ങനെ എത്തിക്കുമെന്ന ചോദ്യമാണ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉയരുന്നത്. തുറമുഖത്തിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് മുതല്‍ അവയെല്ലാം ആരാകും ജനങ്ങളിലേക്ക് വിതരണം ചെയ്യുക എന്നുള്‍പ്പടെയുള്ള ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.പട്ടിണി മരണം തടയാന്‍ അടിയന്തര വെടിനിര്‍ത്തലിന് യുഎന്‍ രാജ്യാന്തരക്കോടതി (ഐസിജെ) ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 30,800 പലസ്തീന്‍കാരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 72,198 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

‘കടല്‍ പാതയെപ്പറ്റി സംസാരിക്കുമ്പോള്‍, സഹായമെത്തിക്കുന്ന രീതിയില്‍ ഇവ സജ്ജീകരിക്കാന്‍ ആഴ്ചകളെടുക്കും. പക്ഷെ നിലവിലെ സാഹചര്യത്തില്‍ അടിയന്തര നടപടിയാണ് ഗാസയില്‍ ആവശ്യം. ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയില്‍ കൊടുംപട്ടിണി മൂലം കുട്ടികള്‍ മരണപ്പെടുന്ന വാര്‍ത്തകള്‍ക്കാണ് ഓരോ ദിവസവും സാക്ഷിയാകുന്നത്,’ ആക്ഷന്‍ എയ്ഡ് ചാരിറ്റിയിലെ ഹ്യുമാനിറ്റേറിയന്‍ മേധാവി സിയാദ് ഇസയുടെ പറഞ്ഞു.റമസാന്‍ വ്രതാരംഭത്തിനു മുന്‍പേ വെടിനിര്‍ത്തലുണ്ടാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച കയ്‌റോ ചര്‍ച്ച ഇസ്രയേല്‍ നിസഹകത്തോടെ പരാജയപ്പെട്ടിരുന്നു. അതേസമയം, റാഫ അടക്കമുള്ള മേഖലകളിലേക്ക് ആക്രമണം കൂടുതല്‍ വാപിപ്പിക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഏകദേശം അഞ്ച് മാസം മുന്‍പ് ആരംഭിച്ച ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്നത് പലസ്തീനിലെ ജനങ്ങളാണ്. പട്ടിണി മൂലം ഓരോ ദിവസവും 10,000 പേരില്‍ രണ്ടുപേരെങ്കിലും മരിക്കുന്നു എന്നാണ് ഗാസയില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍. ഒരു ജനത മുഴുവന്‍ പട്ടിണിയിലായിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ പുതിയ നീക്കം നിലവില്‍ പട്ടിണി അനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് പെട്ടന്ന് ഒരു ആശ്വാസം നല്‍കാനാകില്ലെന്നും തുറമുഖത്തിന്റെ നിര്‍മ്മാണം കഴിയുമ്പോഴേക്കും ഗാസയിലെ അവസ്ഥകള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. റോഡ് മാര്‍ഗം ഗാസയിലേക്ക് സാഹായമെത്തിക്കുന്നതില്‍ ഇസ്രയേല്‍ പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതിനാലാണ് ഇത്തരത്തിലൊരു പദ്ധതിക്ക് അമേരിക്ക രൂപം നല്‍കുന്നത്.

Top