ഭീകരരെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ നയം മാറ്റണമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാന്‍ ഭീകരരോട് പാകിസ്ഥാന്‍ പുലര്‍ത്തുന്ന അനുകൂല നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക.

അഫ്ഗാനിലെ ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടതായി യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ മക്മാസ്റ്റര്‍ പറഞ്ഞു.

അഫ്ഗാനില്‍ ഭീകരര്‍ക്ക് സുരക്ഷാ താവളമൊരുക്കുന്നതില്‍ പാക്കിസ്ഥാന് വലിയ പങ്കുണ്ടെന്നും, ഈ പ്രവണത പാക്കിസ്ഥാന്‍ മാറ്റണമെന്നും മക്മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

അഫ്ഗാനില്‍ ഭീകരര്‍ക്കെതിരെ അമേരിക്കന്‍ സൈന്യം യുദ്ധം നടത്തുന്നുണ്ട്, എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഭീകരര്‍ക്ക് ലഭിക്കുന്ന സഹായം മൂലം നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇതിന് ഉത്തമ ഉദാഹരണമാണ് പാക്ക്-അഫ്ഗാന്‍ ബോര്‍ഡര്‍ പ്രദേശങ്ങളില്‍ താലിബാന്‍ ഹഖാനി ഭീകരര്‍ യഥേഷ്ടം സഞ്ചരിക്കുന്നതെന്നും, പാക്കിസ്ഥാന്‍ ഇതിനെ ചെറുക്കാത്തതിനെതിരെ അഫ്ഗാന്‍ ഭരണകൂടം രംഗത്തെത്തുകയും ചെയ്തിരുന്നതായും മക്മാസ്റ്റര്‍ വ്യക്തമാക്കി.

ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടിനെ പാക്കിസ്ഥാന്‍ മാറ്റുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top