വിസിയെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കില്ലെന്ന് കേരള സര്‍വകലാശാല

വൈസ് ചാന്‍സലറെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല പ്രതിനിധിയെ നല്‍കില്ല. സെനറ്റ് തീരുമാനം ചാന്‍സലറെ രേഖാമൂലം അറിയിച്ചു. സര്‍വകലാശാല നിയോഗിച്ച ഉദ്യോഗസ്ഥന്‍ രാജ്ഭവനിലെത്തിയാണ് തീരുമാനം അറിയിച്ചത്.

വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന സെനറ്റ് യോഗം പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിരിഞ്ഞിരുന്നു. തുടര്‍ന്ന് സര്‍വകലാശാല പ്രതിനിധിയെ നല്‍കേണ്ടതില്ല എന്ന പ്രമേയം സെനറ്റില്‍ അവതരിപ്പിക്കുകയും 64 പേര്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. സെനറ്റിന്റെ ഈ പ്രമേയം ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലറെ അറിയിക്കാനാണ് യോഗം തീരുമാനിച്ചത്.

യോഗ തീരുമാനത്തിന്റെ മിനിട്ട്‌സ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രോചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഒപ്പിട്ടു. തുടര്‍ന്ന് യോഗ തീരുമാനം രേഖാമൂലം ചാന്‍സലറെ അറിയിക്കുകയും ചെയ്തു. ഇതോടെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല പ്രതിനിധിയെ നല്‍കില്ല എന്ന് ഔദ്യോഗികമായി സെനറ്റ് ചാന്‍സലറെ അറിയിച്ചു. ചാന്‍സലറുടെ തുടര്‍ നടപടിയാണ് ഇനി നിര്‍ണായകം.

Top