ഉന്നാവോ പീഡനക്കേസ് ; ബിജെപി എംഎല്‍എ ക്കെതിരെ തെളിവില്ലെന്ന് യു പി സര്‍ക്കാര്‍

unnao

അലഹബാദ്: ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്ഗാറിനെതിരെ തെളിവില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കില്‍ കുല്‍ദീപ് സിംഗിനെ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിനെ പിടിച്ചുലച്ച സംഭവമാണ് ഉന്നാവോ ബലാത്സംഗക്കേസ്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹോദരനും ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി 18കാരിയാണ് രംഗത്തെത്തിയത്. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാനോ അന്വേഷണം നടത്താനോ യോഗി സര്‍ക്കാരോ, സംസ്ഥാനത്തെ പൊലീസ് സംവിധാനമോ യാതൊരു ശുഷ്‌കാന്തിയും കാണിച്ചില്ല.

ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്ഗാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍), 366(സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം), 376(ബലാത്സംഗം), 506(ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരവും പോസ്‌കോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

പീഡനം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും എംഎല്‍എക്കെതിരായ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയും കുടുംബവും ലക്‌നൗവില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും കസ്റ്റഡിയില്‍ വെച്ച് അവശനായ പിതാവ് തിങ്കളാഴ്ച രാവിലെ മരിക്കുകയും ചെയ്തു. പിതാവിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

തുടര്‍ന്ന് എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിംഗും മൂന്ന് പേരും അറസ്റ്റിലായി.

Top