ടോക്കിയോ: ഡോണാള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ, മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ അണിനിരത്തി പശ്ചിമ പസഫിക്കില്‍ വന്‍ നാവികാഭ്യാസത്തിനൊരുങ്ങി യുഎസ് സൈന്യം.
യുഎസ്എസ് നിമിറ്റ്‌സ്, റൊണാള്‍ഡ് റീഗന്‍, തിയോഡാര്‍ റൂസ്‌വെല്‍റ്റ് എന്നീ വിമാനവാഹിനിക്കപ്പലുകളും ഇവയുള്‍പ്പെടുന്ന നാവിക യൂണിറ്റുകളുടെ ഭാഗമായ യുദ്ധക്കപ്പലുകളുമാണ് നാവികാഭ്യാസത്തിനായി തയാറെടുക്കുന്നത്.
പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് പശ്ചിമ പസഫിക് മേഖലയില്‍ മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ അണിനിരത്തി യുഎസ് സൈന്യം വന്‍തോതിലുള്ള നാവികാഭ്യാസത്തിന് തയാറെടുക്കുന്നത്. ഡോണള്‍ഡ് ട്രംപ് ദക്ഷിണ കൊറിയയില്‍ എത്തിയതിനു പിന്നാലെയാണ് ഈ പുതിയ നീക്കം.
ജപ്പാന്റെ അതീവ നശീകരണശേഷിയുള്ള യുദ്ധക്കപ്പലായ ‘ഇനാസുമ’യും നാവികാഭ്യാസത്തിന്റെ ഭാഗമാകുമെന്ന് ജപ്പാന്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയുടെ രണ്ടു യുദ്ധക്കപ്പലുകള്‍ കൂടി ഭാഗമായ സംയുക്ത നാവികാഭ്യാസം തിങ്കളാഴ്ച അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് വന്‍ തയാറെടുപ്പുകളോടെ പുതിയ നാവികാഭ്യാസത്തിന് യുഎസും ജപ്പാനും തയാറെടുക്കുന്നത്.
ഈ നാവികാഭ്യാസത്തിന് തയാറെടുക്കുന്ന റൊണാള്‍ഡ് റീഗന്‍, ജപ്പാന്റെ ഇനാസുമ എന്നിവയ്‌ക്കൊപ്പമാണ് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ കൂടി ഉള്‍പ്പെട്ട സംയുക്ത നാവികാഭ്യാസം ജപ്പാന്‍ കടലില്‍ നടന്നത്.
എന്നാല്‍, നാവികാഭ്യാസത്തിന്റെ കൃത്യമായ സ്ഥലം യുഎസ്, ജപ്പാന്‍ അധികൃതര്‍ വെളിപ്പെടുിത്തിയിട്ടില്ല. നാവികാഭ്യാസം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സമയത്തേക്കുറിച്ചും അറിവില്ല.
യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗണും യുഎസ് നേവിയുടെ പസിഫിക് ഫ്‌ലീറ്റും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ദക്ഷിണ കൊറിയയിലുള്ള ഡോണള്‍ഡ് ട്രംപ് നാവികാഭ്യാസത്തിനു സാക്ഷിയാകാന്‍ എത്തുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.