യു എസ് – ചൈന വ്യാപാരയുദ്ധം കൂടുതല്‍ ശക്തി പ്രാപിക്കുന്നു

വാഷിംങ്ങ്ടണ്‍: യു എസ് – ചൈന വ്യാപാരയുദ്ധം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ക്ക് കൂടി തീരുവ ഏര്‍പ്പെടുത്തുന്നത്തിനുള്ള നടപടികള്‍ ആരംഭിക്കുന്നതായി യു എസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ മുതല്‍ ഈ ഉത്പന്നങ്ങള്‍ക്ക് മേല്‍ പത്ത് ശതമാനം തീരുവ ഏര്‍പ്പെടുത്താനാണ് യു എസിന്റെ നീക്കം.

34 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തികൊണ്ടുള്ള യു എസ് നടപടിക്കെതിരെ ചൈന പ്രതിരോധ നടപടി സ്വീകരിച്ചതിന് പുറകെയാണ് കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നത്. ഈ തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ മത്സ്യം മുതല്‍ രാസപദാര്‍ത്ഥങ്ങള്‍ വരെയുള്ള ആയിരക്കണക്കിന് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പുതിയ തീരുവ ബാധകമാകും.

കഴിഞ്ഞയാഴ്ചയാണ്‌ ചൈനയ്‌ക്കെതിരെയുള്ള വ്യാപാരയുദ്ധത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നതായി യു എസ് പ്രഖ്യാപിച്ചത്. സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര യുദ്ധമാണിതെന്നായിരുന്നു ചൈനയുടെ ആരോപണം. 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നതതതിന് ന്യായീകരിക്കുന്നതിനായി യുഎസ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്ന് യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസര്‍ പറഞ്ഞു.

Top